541 സ്കൂളുകള്‍ക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി അശ്ഗാലിന്റെ സ്കൂള്‍ സോണ്‍ സേഫ്റ്റി പ്രോഗ്രാം
അമാനുല്ല വടക്കാങ്ങര
ദോഹ. പൊതുമരാമത്ത് അതോറിറ്റിയുടെ സ്കൂള്‍ സോണ്‍ സേഫ്റ്റി പ്രോഗ്രാം 93 ശതമാനം പൂര്‍ത്തിയായതായും ഇതുവരെ541 സ്കൂളുകള്‍ക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയതായും അശ്ഗാല്‍ അറിയിച്ചു. പ്രോഗ്രാമിന് കീഴില്‍, 31 സ്കൂളുകള്‍ക്ക് ചുറ്റും സുരക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന ഘട്ടത്തിലാണ്. മൊത്തം 583 സ്കൂളുകള്‍ക്ക് ചുറ്റുമാണ് സ്കൂള്‍ സോണ്‍ സേഫ്റ്റി പ്രോഗ്രാം നടപ്പാക്കുന്നത്.
മീഡിയനുകളും റൗണ്ട് എബൗട്ടുകളും സ്ഥാപിക്കുക, പരമാവധി വേഗത മണിക്കൂറില്‍ 30 കിലോമീറ്ററാക്കി പരിമിതപ്പെടുത്തുക, റോഡുകളിലെ പ്രത്യേക ആവശ്യകതകള്‍ നടപ്പിലാക്കുകയും പരിപാലിക്കുകയും ചെയ്യുക, അധിക കാര്‍ പാര്‍ക്കിംഗ് നല്‍കുക, പ്രത്യേക സ്പെസിഫിക്കേഷനുകളുള്ള സ്പീഡ് ബമ്പുകള്‍; സ്കൂള്‍ പ്രവേശനത്തെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കാന് ചുവന്ന അടയാളങ്ങള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ മുതലായവ സ്ഥാപിക്കുക, സുരക്ഷിതമായ കാല്‍നടപാതകള്‍ നിര്‍മിക്കുക മുതലായവയാണ് സ്കൂള്‍ സോണ്‍ സുരക്ഷാ നടപടികളില്‍ ഉള്‍പ്പെടുന്നത്.
അശ്ഗാല്‍ എല്ലായ്പ്പോഴും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നത്. 2013 ല്‍ 10 സ്കൂളുകളില്‍ തുടങ്ങിയ പദ്ധതി , ഇന്ന് ദേശീയ റോഡ് സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായി 541 സ്കൂളുകളിലെത്തിയതില് അഭിമാനുമുണ്ടെന്ന് ഹൈവേ ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ് വിഭാഗം മേധാവി എന്‍ജിനീയര്‍ ഹസന് അല്‍ ഹമാദി അതോറിറ്റിയുടെ ട്വിറ്ററില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറഞ്ഞു.