
ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് വെറ്ററിനറി ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകളും വളര്‍ത്തുമൃഗങ്ങളുടെ ഇറക്കുമതി പെര്‍മിറ്റുകളും നല്കുന്ന സേവനം ആരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് വെറ്ററിനറി ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകളും വളര്‍ത്തുമൃഗങ്ങളുടെ ഇറക്കുമതി പെര്‍മിറ്റുകളും നല്കുന്ന സേവനം മുനിസിപ്പാലിറ്റി മന്ത്രാലയം ആരംഭിച്ചു.
നായ്ക്കളെയും പൂച്ചകളെയും കൊണ്ടുവരുന്നതിന് ഖത്തറിലെത്തുന്നതിന് 30 ദിവസത്തിനുള്ളിലെടുത്ത സാധുവായ ഇറക്കുമതി പെര്‍മിറ്റ് വേണം. അതുപോലെ തന്നെ ഈ വളര്‍ത്തുമൃഗങ്ങളില്‍ ഒരു ഇലക്ട്രോണിക് / മൈക്രോ ചിപ്പ് ് സജ്ജീകരിച്ചിരിക്കണം എന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ വലുതും അപകടകാരികളുമായ ഇനം നായകളെ കൊണ്ടുവരുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. സന്ദര്‍ശകര്‍ അവരുടെ രാജ്യത്തേക്ക് മടങ്ങുമ്പോള്‍ അവരുടെ വളര്‍ത്തുമൃഗങ്ങളെ തിരിച്ചുകൊണ്ടുപോകണെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം ഓര്‍മിപ്പിച്ചു.
വളര്‍ത്തുനായകളേയും പൂച്ചകളേയും ഇറക്കുമതി ചെയ്യുന്നതിനുളള പെര്‍മിറ്റ് നേടുവാന്‍ നായ്ക്കളും പൂച്ചകളും 7 മാസത്തില്‍ കൂടുതല്‍ പ്രായമുള്ളവയും പേവിഷബാധയ്ക്കെതിരെ വാക്സിനേഷന് നല്‍കിയയും ആകണം. പൂച്ചകള്‍ക്ക് ട്രിപ്പിള്‍ വാക്സിനേഷന് നല്‍കണം.
നായകള്‍ക്ക് കനൈന്‍ ഡിസ്റ്റമ്പര്‍, പാര്‍വോവൈറസ്, ഹെപ്പറ്റൈറ്റിസ് സി, ലെപ്റ്റോസ്പൈറ എന്നിവയ്ക്കെതിരെ വാക്സിനേഷന് നല്‍കിയിരിക്കണം. യാത്ര ചെയ്യുന്നതിന് 90 ദിവസം മുമ്പെങ്കിലും റാബിസ് രോഗപ്രതിരോധ ആന്റിബോഡികള്‍ക്കുള്ള രക്തപരിശോധന നടത്തണം എന്നിവ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന്റെ അല്ലെങ്കില്‍ കാര്‍ഡിന്റെ ഒരു പകര്‍പ്പും രക്തപരിശോധനാ ഫലത്തിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പെര്‍മിറ്റിനായി അപേക്ഷിക്കുവാന്‍ മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ജനനത്തീയതിയും ഹയ്യ കാര്‍ഡ് നമ്പറും നല്‍കുക, തുടര്‍ന്ന് സ്ഥിരീകരണ കോഡ് ആക്ടിവേറ്റ് ചെയ്യാം. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും സേവനത്തിന്റെ തരം തിരഞ്ഞെടുക്കുകയും ഫോമിലെ ഡാറ്റ പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്താല്‍ അപേക്ഷകന്റെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തില്‍ പെര്‍മിറ്റ് ലഭിക്കും.