ഫുട്ബോള്‍ ആരാധകരെ ആകര്‍ഷിച്ച് ഖത്തറിലെ പൊതുഗതാഗത സംവിധാനം
അമാനുല്ല വടക്കാങ്ങര
ദോഹ. കൃത്യമായ ആസൂത്രണം, കാര്യക്ഷമമായ നിര്‍വഹണം, ലോകോത്തര നിലവാരത്തിലുള്ള സൗകര്യം എന്നിവയാല്‍ ഖത്തറിലെ പൊതുഗത സംവിധാനം ഫുട്ബോള്‍ ആരാധകരെ ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ട് . സ്റ്റേഡിയങ്ങള്‍, വിമാനത്താവളങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവകളിലേക്ക് മികച്ച പരിശീലനം ലഭിച്ച ടീമിനൊപ്പം ഫലപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുഗതാഗതം ആരാധകരെ ആകര്‍ഷിക്കുന്നത് തുടരുന്നത്.ബസുകള്‍, മെട്രോ, ട്രാം, ടാക്‌സികള്‍ എന്നിവയുടെ സേവനങ്ങളെ സന്ദര്‍ശകര്‍ നെഞ്ചേറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോകകപ്പ് ആരംഭിച്ചതിന് ശേഷം ദോഹ മെട്രോയും ലുസൈല്‍, എജ്യുക്കേഷന്‍ സിറ്റി, മുഷൈറിബ് എന്നിവിടങ്ങളിലെ ട്രാമുകളും 2,294,604 യാത്രക്കാര്‍ക്ക് സേവനം ചെയ്തതായി ഗതാഗത മന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തു.
ബുധനാാഴ്ച മാത്രം മെട്രോയും ട്രാമും 650832 യാത്രക്കാരാണ് ഉപയോഗിച്ചത്.
നവംബര്‍ 20 ന് ലോകകപ്പ് ആരംഭിച്ചത് മുതല്‍ നവംബര്‍ 22 വരെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുമായി 3365 വിമാനനങ്ങളിറങ്ങി. ചൊവ്വാഴ്ച മാത്രം 900 വിമാനങ്ങളാണ് ദോഹയിലിറങ്ങിയത്.
മൊവാസലാത്ത് (കര്‍വ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബുധനാഴ്ച മാത്രം 2841 ബസ്സുകള്‍ 10003 ട്രിപ്പുകളിലായി 181210 യാത്രക്കാരെയാണ് ലക്ഷ്യ സ്ഥാനങ്ങളിലെത്തിച്ചത്.