പിതാവിന്റെ സംഗീതവഴികളെ പ്രഭാപൂരിതമാക്കി മക്കള്‍
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ : ദീര്‍ഘകാലം ഖത്തറിന്റെ പുണ്യ ഭൂവിലിരുന്ന് കാവ്യാത്മകമായ വരികളാല്‍ സംഗീത ലോകത്തെ ധന്യമാക്കി വെള്ളിവെളിച്ചത്തിലെത്താതെ കാലയവനികക്ക് പിന്നില്‍ പോയ്മറഞ്ഞ കെസി.മൊയ്തുണ്ണി ചാവക്കാടെന്ന അനശ്വര പ്രതിഭയുടെ സംഗീതവഴികളെ പ്രഭാപൂരിതമാക്കുകയാണ് മക്കളായ കെ.സി. ആരിഫും കരീമും. കെ.സി.എം. മീഡിയ എന്ന യു ട്യൂബ് ചാനലിലൂടേയും ഫേസ് ബുക്ക് പേജിലൂടേയും പിതാവിന്റെ സംഗീതസംഭാവനകളെ സഹൃദയരിലേക്കെത്തിക്കുന്നതിനുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്.
സാഹിത്യം ആത്മീയതയില്‍ ചാലിച്ച പ്രതിഭാധനനായ എഴുത്തുകാരനായിരുന്ന കെ.സി. മൊയ്തുണ്ണിയുടെ ആത്മാര്‍പ്പണം എന്ന ആല്‍ബത്തിലൂടെ അനുരാഗം നല്‍കും, അനുഭൂതി നല്‍കും, സങ്കല്‍പ സാമ്രാജ്യ രാജാധിരാജന്‍ എന്നു തുടങ്ങുന്ന വരികള്‍ 80 കളില്‍ സഹൃദയമനം കവര്‍ന്നവയാണ്.
മുരളി മാധവന്‍, ഷാഫി ഇബ്രാഹിം ചാവക്കാട്, ഇഖ്ബാല്‍ വാണിമേല്‍ എന്നിവരുടെ സംഗീതത്തില്‍ പുതിയ ഈണം നല്‍കി ആത്മാര്‍പ്പണം രണ്ട് സംഗീതാസ്വാദകര്‍ക്കാണ് സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് കെ. സി.എം. മീഡിയ.
1947 ല്‍ മണത്തലയിലെ കൊച്ചഞ്ചേരി തറവാട്ടിലെ, പാത്താവു മാമദ് ദമ്പതിമാരുടെ ആറു മക്കളില്‍, അഞ്ചാമനായാണ് കെ.സി മൊയ്തുണ്ണി ജനിച്ചത്. അസൂറയാണ് ഭാര്യ. ശബ്‌ന, ബറത്ത്, സൈനബ, അബ്ദുല്‍ ആരിഫ്, കരീംകോയ എന്നിവരാണ് മക്കള്‍.
ചെറുപ്പം മുതല്‍ പണ്ഡിതനായ പ്രിയ പിതാവിന്റെ പാതയിലൂടെ, ആത്മീയ ചിന്തകളില്‍ മുഴുകിയുള്ള ജീവിതം നയിച്ചു മത ഗ്രന്ഥങ്ങളുടെ ആഴപ്പരപ്പിലേക്ക്, ഊളിയിട്ടിറങ്ങിയ മൊയ്തുണ്ണിയുടെ തൂലികയില്‍ നിന്നും, മലയാള ഭാഷാ തലങ്ങളുടെ സൗന്ദര്യം, ആത്മീയ ചിന്തകളില്‍ സമന്വയിപ്പിച്ച്, മഹാ കാവ്യങ്ങള്‍ക്കായി മഷിക്കൂട്ട് പകര്‍ന്നപ്പോള്‍,1972 ല്‍ ആദ്യ കലാസൃഷ്ടിയുണ്ടായി.
എന്നാല്‍ അതൊന്നും പുറത്തിറക്കുവാന്‍ കഴിയാതെ, എല്ലാം അദ്ദേഹത്തിന്റെ ഡയറിക്കുള്ളില്‍ വീര്‍പ്പടക്കി നിന്നു.
പിന്നീട് അതിജീവനത്തിന്റെ ഭാഗമായി 1974 മുതല്‍ ഖത്തറില്‍ സഹോദരങ്ങള്‍ക്കൊപ്പം, പതിനേഴു വര്‍ഷത്തെ പ്രവാസ ജീവിതം നയിച്ചു. പ്രവാസ ലോകത്തെ വിശ്രമവേളകളിലും, ഭക്ഷണമുണ്ടാക്കുന്ന നേരങ്ങളിലും, മൊയ്തുണ്ണിയുടെ കാവ്യ ഹൃദയം, അനുഭൂതിയും ആത്മനിര്‍വൃതിയുമുള്ള, ഭക്തി സാന്ദ്രമായ വരികള്‍ക്കായി തുടിക്കുകയും, പുറത്തേക്ക് നിര്‍ഗളിക്കുന്ന മഹാകാവ്യങ്ങളെല്ലാം, അദ്ധേഹത്തിന്റെ ഡയറിക്കുള്ളില്‍ ഭദ്രമാവുകയും ചെയ്തു.
പ്രവാസത്തിന്റെ ഇടവേളകളിലൊന്നില്‍, നാട്ടിലെത്തിയപ്പോഴാണ്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ റഹ്മാന്‍ ചാവക്കാടിന്റെ സംഗീതത്തില്‍, അദ്ധേഹവും പത്‌നി ആബിദ റഹ്മാനും, കൊച്ചിന്‍ ബഷീര്‍ക്കയും ചേര്‍ന്ന് മാറി മാറി ആലപിച്ച, ആത്മാര്‍പ്പണം എന്ന കാസറ്റ് ആല്‍ബം 1983ല്‍ പുറത്തിറക്കുന്നത്. ആത്മാര്‍പ്പണം എന്ന ആല്‍ബത്തിനു ശേഷം, നിര്‍ഭാഗ്യകരം എന്നു പറയട്ടെ, അദ്ദേഹത്തിന്റെ മരണം വരെ ഒറ്റ രചനകളും പിന്നീട് വെളിച്ചം കണ്ടില്ല.
ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കളായ, ആരിഫ് കെ.സിയും കരീംകോയയും ചേര്‍ന്ന്, പ്രിയ പിതാവിന്റെ സൃഷ്ടികളോരോന്നും, കേരളത്തിലെ പ്രശസ്തരായ മാപ്പിളപ്പാട്ടു ഗായകരെക്കൊണ്ട് പാടിച്ച്, കെ.സി.എം മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ, പുറത്തിറക്കി കൊണ്ടിരിക്കുകയാണ്.
പ്രശസ്തമാപ്പിളപ്പാട്ടു ഗായിക, ബല്‍ക്കീസ് റഷീദും പട്ടുറുമാലിലൂടെ വന്ന മകള്‍ ബെന്‍സീറയും, ഓരോ ഗാനങ്ങള്‍ വീണ്ടും പാടി ഇതിനകം ഹിറ്റായി കഴിഞ്ഞു.
2006 മുതല്‍ ഖത്തറിലുള്ള കെ.സി. ആരിഫ് നല്ല ഒരു ഗായകനും സംഗീതാസ്വാദകനുമാണ്. ഖത്തറിലെ ചെറിയ കൂട്ടായ്മകളുടെ വിവിധ ആഘോഷ പരിപാടികളിലൊക്കെ പാടാറുള്ള ആരിഫ് എന്റെ നാട്ടിലുണ്ടൊരു പാലം, കാത്തിരിപ്പിന്റെ ഈണം എന്നീ ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്.
ശംസീര്‍ പുന്ന രചിച്ച ഖല്‍ബില്‍ ഞാന്‍ ആശിച്ച എന്ന ഗാനം സിറാജുദ്ദീന്‍ ഒരുമനയൂരിന്റെ സംഗീതത്തിലാണ് ആരിഫ് ആദ്യമായി ആല്‍ബത്തില്‍ പാടിയത്. രണ്ടാമത്തെ ആല്‍ബത്തിലെ പാട്ടിന്റെ വരികള്‍ മുജീബ് റഹ്മാനിന്റേതായിരുന്നു. ഖത്തറിലെ സംഗീത സംവിധായകനായ കോളിന്‍സ് തോമസിന്റെ സംഗീത സംവിധാനത്തിലാണ് ആല്‍ബം പുറത്തിറങ്ങിയത്.
ഓഡിയോ മിക്‌സിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് ആരിഫ് ഇപ്പോള്‍ കൂടുതലായും ശ്രദ്ധിക്കുന്നത്. സംഗീതത്തിന്റെ മഹത്തായ പാരമ്പര്യം അവശേഷിപ്പിച്ച് ഈ ലോകത്തോട് വിട പറഞ്ഞ പിതാവിനുള്ള സമര്‍പ്പണമായി അദ്ദേഹത്തിന്റെ വരികളെ പുനര്‍ജീവിപ്പിക്കുക എന്ന മഹത്തായ ദൗത്യമാണ് ആരിഫും സഹോദരന്‍ കരീമും ഏറ്റെടുത്തിയിരിക്കുന്നത്.
പിതാവിന്റെ ഇതുവരെ പുറത്തിറങ്ങാത്ത നൂറിലധികം രചനകള്‍ കണ്ടെടുത്ത് കഴിഞ്ഞു. ഷാഫി ഇബ്രാഹീമിന്റെ സംഗീതത്തില്‍ അഭിജിത് കൊല്ലം ആലപിക്കുന്ന ആത്മാര്‍പ്പണം രണ്ട് താമസിയാതെ സഹൃദയരിലെത്തുമെന്ന് ആരിഫ് പറഞ്ഞു.
ചാവക്കാട് സിംഗേര്‍സ് വാട്‌സ്അപ് ഗ്രൂപ്പ് അഡ്മിന്‍ ബഷീര്‍ കുറുപ്പത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് കെ.സി. മൊയ്്തുണ്ണിയുടെ രചനകളെ ജനകീയമാക്കാനുള്ള പരിപാടികള്‍ക്ക് കരുത്ത് പകരുന്നതെന്ന് ആരിഫ് നന്ദിയോടെ ഓര്‍ക്കുന്നു. ഉപ്പയുടെ പാട്ടുകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനുളള എല്ലാ സഹായങ്ങളും നല്‍കുന്ന യൂസഫ് യാഹൂ ഇടക്കഴിയൂരിനേയും വിസ്മരിക്കാനാവില്ല.