മെസ്സിയുടെ മുപ്പത്തിയാറാം ജന്മദിനമാഘോഷിച്ച് അര്‍ജന്റീന ഫാന്‍സ് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നിന്നും ലോകകപ്പ് കിരീടം ഉയര്‍ത്തിയതിന് ശേഷമുള്ള ആദ്യ ജന്മദിനം ഖത്തറിലെ അര്‍ജന്റീന ഫാന്‍സ് കൂട്ടായ്മ കേക്ക് മുറിച്ച് ആഘോഷിച്ചു. വേള്‍ഡ് കപ്പ് സമയത്ത് ഖത്തറിന്റെ മണ്ണില്‍ വന്നെത്തിയ ആയിരകണക്കിന് ആരാധകര്‍ക്ക് ആവേശമായി മാറിയ കൂട്ടായ്മ കഴിഞ്ഞവര്‍ഷം മെസ്സി ജന്മദിനത്തില്‍ വേള്‍ഡ് കപ്പ് കൗണ്ഡൗണ്‍ ക്ലോക്കിന് മുന്നില്‍ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചാണ് തുടങ്ങിയത് .ഒരുവര്‍ഷം തികയുമ്പോള്‍ മധുരം ഏറെയാണ്. ആള്‍ബീസലസ്റ്റ്യന്‍ ആരാധകര്‍ക്ക് അവരുടെ സ്വപ്നം സഫലീകരിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച തങ്ങളുടെ പടനായകന്റെ ജന്മദിനം ഇക്കുറി കനക കിരീടത്തില്‍ മുത്തമിട്ടതിന് ശേഷമുള്ള ആദ്യ ജന്മദിനം ആയത് കൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് ആരാധകര് വരവേറ്റത്. ജന്മദിന ആഘോഷത്തിന് അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ അംഗത്തിന്റെ കുട്ടിയായ കുഞ്ഞ് തിയാഗോയ്ക്ക് മധുരം നല്‍കിയാണ് തുടക്കം കുറിച്ചത്.