ലേബര്‍ ക്യാമ്പുകളിലെ താഴ്ന്ന വരുമാനക്കാര്ക്കൊപ്പം ബലിപെരുന്നാള്‍ ആഘോഷിച്ച് ഐ.സി.ബി.എഫ്

ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐ.സി.ബി.എഫ്) ഇത്തവണത്തെ ഈദ് ആഘോഷം ഇന്‍ഡസ്ട്രിയല്‍ ഏരിയായിലെ ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളി സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു. പരസ്പര സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, പങ്കുവെക്കലിന്റെയും സന്ദേശം നല്‍കിക്കൊണ്ട്, രാവിലെ സ്ട്രീറ്റ് നമ്പര്‍ 13 ലെ ലേബര്‍ ക്യാമ്പില്‍ പ്രഭാതഭക്ഷണത്തോടെ ആരംഭിച്ച ആഘോഷങ്ങള്‍, സ്ട്രീറ്റ് നമ്പര്‍ 36 ലെ മറ്റൊരു ക്യാമ്പില്‍ ഉച്ചഭക്ഷണത്തോടെയാണ് സമാപിച്ചത്.

ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര്‍ ഗൗഡ്, കുല്‍വീന്ദര്‍ സിംഗ് തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കു ചേരുകയും വലിയ പെരുന്നാളിന്റെ സന്തോഷം തൊഴിലാളി സഹോദരങ്ങളുമായി പങ്കുവെക്കുകയും ചെയ്തു.
ആഘോഷങ്ങള്‍ക്ക് സഹകരണവുമായി ആര്. ജെ. അപ്പുണ്ണിയുടെ നേതൃത്വത്തിലുള്ള റേഡിയോ സുനോ ടീമും ഐ.സി.ബി.എഫ് ഭാരവാഹികള്‍ക്കൊപ്പം പങ്കുചേര്‍ന്നത് ആഘോഷത്തെ സവിശേഷമാക്കി.