പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ വി അബ്ദുല്‍ ഖാദറിന് കള്‍ച്ചറല്‍ ഫോറം നിവേദനം
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ വി അബ്ദുല്‍ ഖാദറിന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കള്‍ച്ചറല്‍ ഫോറം നിവേദനം നല്കി.
പദ്ധതികളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് പദ്ധതികള്‍ ജനകീയമാക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വെല്‍ഫെയര്‍ സ്കീമില്‍ പങ്കാളികളായ പ്രവാസിക്കള്‍ക്കും കുടുംബത്തിനും സഹായകമാകുന്ന മെഡിക്കല്‍ കെയറിങ് നടപ്പിലാക്കുക, തിരിച്ചു വരുന്ന പ്രവാസിക്ക് അവരുടെ യോഗ്യതയും പരിചയ സമ്പന്നതയും പരിഗണിച്ചു സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള ജോലികളില്‍ പരിഗണന നല്‍കുക, അന്യായമായ തടവില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സഹായകമാകുന്ന നിയമ സഹായം ഉറപ്പ് വരുത്തുക, പ്രവാസികളുടെ യാത്ര പ്രശനം പരിഹരിക്കുന്ന വിഷയത്തില്‍ കേന്ദ്ര ഗവണ്മെന്റില് സമ്മര്‍ദ്ദം ചെലുത്തുക, പ്രവാസി വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനായി പ്രവാസി സര്‍വകലാശാല സ്ഥാപിക്കുക, എന്‍ആര്‍ഐ ഫീസന്ന പേരില്‍ വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന കൊള്ള അവസാനിപ്പിച്ച് സാധാരണ ഫീസില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ പ്രവാസ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്. കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡണ്ട് ചന്ദ്രമോഹന്, ജനറല്‍ സെക്രട്ടറി മജീദ് അലി, സെക്രട്ടറി അനീസ് റഹ്മാന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.