മലയാളം അറിഞ്ഞ മലയാളികളെ ലോകം കീഴടക്കിയിട്ടുള്ളു : കെ. പി. രാമനുണ്ണി
ദോഹ : ലോകമെങ്ങും സവിശേഷ സമൂഹമായി മലയാളി മാറിയതിനും , നിലനില്ക്കുന്നതിനും മലയാള ഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതാണന്ന് പ്രമുഖ സാഹിത്യകാരന് കെ. പി. രാമനുണ്ണി.
മനുഷ്യന്റെ വൈകാരിക ഭാവങ്ങളെ ഉള്‍ക്കൊണ്ട് സഹജീവികളുടെ ഹൃദയങ്ങളെ സ്പര്ശിക്കുവാന് അവനവന്റെ മാതൃഭാഷകള്ക്കെ കഴിയൂ എന്നും,ലോകപ്രശസ്ത എഴുത്തുകാരെല്ലാം അവരവരുടെ മാതൃഭാഷയെ ഹൃദയത്തില്‍ ഏറ്റിയവരാണ്. മലയാളത്തിന്റെ നന്മയിലേക്കും ഉണ്മയിലേക്കുമുള്ള യാത്രയാണ് മലയാള ഭാഷ പഠനംഎന്നും അദ്ദേഹം ദോഹയില്‍ അഭിപ്രയപ്പെട്ടു.
ലോക വായനദിനത്തോടനുബന്ധിച്ചു മലയാളം മിഷന് ചാപ്റ്റര്‍ സംസ്കൃതി ഖത്തര്‍ സംഘടിപ്പിച്ച ”രാമാനുണ്ണി മാഷും കുട്ടിയോളുമായുള്ള കൂടിയിരുത്തം ”എന്ന പരിപാടിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരിന്നു അദ്ദേഹം.
സാംസ്കൃതി ആഫീസില്‍ നടന്ന പരിപാടിയില്‍ ഖത്തറിന്റെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന് ക്ലാസുകളില്‍ നിന്നായി അമ്പതോളം പഠിതാക്കളും രക്ഷിതാക്കളും പങ്കെടുത്തു.
മലയാളം മിഷന് ഖത്തര്‍ സംസ്കൃതി ചാപ്റ്റര്‍ സെക്രട്ടറി ബിജു പി.മംഗലം, മേഖലാ കോര്‍ഡിനേറ്റര്‍ ഒ. കെ സന്തോഷ്, റിസോഴ്സ് ടീം കണ്‍വീനര്‍ ശിവദാസന്‍, ജസിത, സൗഭാഗ്യ, ഗ്ലന്‍സി, സബീന, അമിത് , രാജു, മെഹറൂഫ്,ബിജേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.