Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ അനുസ്മരണം സംഘടിപ്പിച്ച് ഇന്‍കാസ് ഖത്തര്‍

ദോഹ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ജൂലൈ 18 ന് ഇന്‍കാസ് ഖത്തര്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഐ.സി.സി അശോകാ ഹാളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ ഖത്തറിലെ സാമൂഹിക- സാംസ്‌കാരിക മേഖലയിലെ പ്രമുഖരും, സംഘടനാ പ്രതിനിധികളും, ഇന്‍കാസ് കുടുബാംഗങ്ങളും പങ്കെടുത്തു.
ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെ ആരംഭിച്ച ചടങ്ങില്‍ ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അദ്ധ്യക്ഷനായിരുന്നു. തിങ്ങി നിറഞ്ഞ അശോകാ ഹാളില്‍, ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ഇന്‍കാസ് ഖത്തര്‍ നിര്‍മ്മിച്ച ഡോക്യുമെന്റെറിയുടെ പ്രദര്‍ശന സമയത്തും, അതിനു ശേഷം പങ്കെടുത്തവരെല്ലാം മെഴുകുതിരി തെളിയിച്ച് അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കുമ്പോഴുമെല്ലാം, മുഴങ്ങിയ കണ്ഠമിടറിയ മുദ്രാവാക്യം വിളികള്‍, ഉമ്മന്‍ ചാണ്ടി എന്ന നേതാവ് എത്രമേല്‍ ആഴത്തില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായി.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, വിഴിഞ്ഞം തുറമുഖം തുടങ്ങി കേരളത്തിലെ വന്‍കിട വികസനങ്ങളെല്ലാം തന്നെ, ഉമ്മന്‍ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമായിരുന്നു എന്നദ്ദേഹം പറഞ്ഞു. വികസനത്തെയും കരുതലിനെയും ഒരുമിച്ചു കൊണ്ടുപോയ നേതാവും ഭരണാധികാരിയുമായിരുന്നു ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ മുഖച്ഛായ മാറ്റിയ വന്‍കിട പദ്ധതികള്‍ക്കു നല്‍കിയ അതേ ശ്രദ്ധ അദ്ദേഹം സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്കും, അവരുടെ ക്ഷേമത്തിനും നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍, ആര്‍ക്കും എപ്പോഴും എത്തിച്ചേരാന്‍ കഴിയുമായിരുന്ന, അധികാരത്തിന്റെ ആടയാഭരണങ്ങളൊന്നും ഇല്ലാതിരുന്ന ഒരു പച്ചയായ മനുഷ്യനായിരുന്നു ഉമ്മന്‍ ചാണ്ടി. ഭരണ രംഗത്തായാലും, രാഷ്ട്രീയ രംഗത്തായാലും, തീരുമാനങ്ങളെടുക്കുമ്പോള്‍, മറുഭാഗത്തു നില്‍ക്കുന്നവരുടെ കൂടി അഭിപ്രായങ്ങള്‍ കേള്‍ക്കുവാന്‍ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. പാര്‍ട്ടിയും, അതു കഴിഞ്ഞാല്‍ പുതുപ്പള്ളി മണ്ഡലവുമായിരുന്നു അദ്ദേഹത്തിന് പ്രധാനം. ഒരു പക്ഷെ കുടുംബം പോലും അടുത്തതായേ വന്നിരുന്നുള്ളൂ.

പാര്‍ട്ടിയില്‍ വിഭിന്ന ആശയങ്ങള്‍ ഉണ്ടായപ്പോഴെല്ലാം, അദ്ദേഹം കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടി ശക്തമായി നിലകൊള്ളുമായിരുന്നെങ്കിലും, പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ ലംഘിക്കുവാന്‍ അദ്ദേഹം ഒരിക്കലും തുനിഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് ദോഷം സംഭവിക്കുന്ന ഒന്നിലും അദ്ദേഹം പങ്കാളി ആയിരുന്നില്ല. അവസാന കാലത്ത് അദ്ദേഹത്തിനെതിരെ വളരെ മോശവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ എതിരാളികള്‍ ഉയര്‍ത്തിക്കൊണ്ടു വന്നപ്പോഴും, അതിലൊന്നും പതറാതെ ദൈവത്തിലാശ്രയിച്ച് മുന്നോട്ട് പോവുകയാണ് അദ്ദേഹം ചെയ്തത്. സത്യം ഒരുകാലത്ത് തെളിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു, അത് തന്നെയാണ് കാലം തെളിയിച്ചതും. അദ്ദേഹത്തിനെതിരായി വന്ന ഓരോ ആരോപണങ്ങളും തികച്ചും തെറ്റായിരുന്നെന്നും കാലം തെളിയിച്ചു. അവസാനം അദ്ദേഹത്തിന് എതിരായി വന്ന ഏറ്റവും നിന്ദ്യവും ഹീനവുമായ ആരോപണവും തെറ്റായിരുന്നുവെന്ന സി.ബി.ഐ റിപ്പോര്‍ട്ട് വായിച്ചതിന്റെ മൂന്നാം ദിവസമാണ് അദ്ദേഹം നമ്മോട് യാത്ര പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത രീതിയില്‍, അദ്ദേഹത്തിന് കേരളം നല്‍കിയ യാത്രാമൊഴി, ഒരു പക്ഷെ അദ്ദേഹത്തോട് കേരള ജനതയുടെ ക്ഷമാപണമായിരുന്നിരിക്കാമെന്നും സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.

ഐ. സി. സി പ്രസിഡന്റ് ഏ. പി. മണികണ്ഠന്‍,
ഐ. സി. ബി. എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ. എസ്. സി പ്രസിഡന്റ് ഇ പി അബ്ദുള്‍ റഹ്‌മാന്‍, പ്രവാസി ഭാരതിയ സമ്മാന്‍ അവാര്‍ഡ് ജേതാവ് ഡോ. മോഹന്‍ തോമസ്, കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് ഈസ്സ, സംസ്‌കൃതി ഖത്തര്‍ പ്രസിഡന്റ് സാബിത് സഹീര്‍, പ്രവാസി വെല്‍ഫയര്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചന്ദ്രമോഹന്‍ പിള്ള, സമന്വയം പ്രസിഡന്റ് സതീഷ് വിളവില്‍, കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, ഇന്‍കാസ് ഖത്തര്‍ ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, ഉപദേശക സമിതി അംഗം കെ കെ ഉസ്മാന്‍, രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, കെ വി ബോബന്‍, എബ്രഹാം കെ ജോസഫ്, പ്രദീപ് പിള്ളൈ തുടങ്ങിയവര്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും, വിവിധ ജില്ലാ ഭാരവാഹികളും, വനിതാ വിംഗ് – യൂത്ത് വിംഗ് ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്കി.

താജുദ്ദീന്‍ ചീരക്കുഴി സ്വാഗതവും, ഈപ്പന്‍ തോമസ്സ് നന്ദിയും പറഞ്ഞു.

Related Articles

Back to top button