Local News

പ്രവാസികളുടെ സാംസ്‌കാരിക സംഭാവനകളും ചര്‍ച്ച ചെയ്യപ്പെടണം: പി.കെ.പാറക്കടവ്


അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയുടെയും വിശിഷ്യാ കേരളത്തിന്റെയും സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്നും അവ ചര്‍ച്ച ചെയ്യപ്പെടുന്നതോടൊപ്പം അവരുടെ സാംസ്‌കാരിക സംഭാവനകളും കൂടി ചര്‍ച്ച ചെയ്യേണ്ടതാണെന്നും പ്രമുഖ മലയാള സാഹിത്യകാരനും മുന്‍ കേന്ദ്ര സാഹിത്യ അക്കാദമി മെമ്പറുമായ പി.കെ പാറക്കടവ് അഭിപ്രായപ്പെട്ടു.

എഴുത്ത് എന്നത് ജനങ്ങളെ ചിരിപ്പിക്കാനുള്ള ഒരു ആയുധമല്ലെന്നും മറിച്ച് ഇതരരുടെ വേദനകളെയും പ്രയാസങ്ങളെയും അപരരിലേക്ക് പകര്‍ത്താനും അതിലൂടെ അവക്ക് ആശ്വാസം പകരാനുമുള്ള ശ്രമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ഗ്രന്ഥം അനുവാചകര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതോടെ അതിന്റെ രചയിതാവ് ഇല്ലാതെയാവുകയാണെന്നും പകരം ഒരു വായനക്കാരന്‍ പിറക്കുകയാണെന്നും കവി കല്‍പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. ഗ്രന്ഥകര്‍ത്താവ് കുറിച്ചതിന് അനുവാചകര്‍ അവരുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് നടത്തുന്ന വിവിധ വായനകള്‍ കൂടി ചേരുമ്പോഴാണ് ഗ്രന്ഥം പൂര്‍ത്തിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ എഴുത്തുകാര്‍ക്ക് ഖത്തറിലെ ഇന്ത്യന്‍ രചയിതാക്കളുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എഴുത്തുകാരെന്ന നിലയില്‍ തങ്ങള്‍ക്ക് ദോഹയില്‍ ലഭിച്ച ഏറ്റവും നല്ല അനുഭവമാണ് ഓതേഴ്‌സ് ഫോറം അംഗങ്ങളോടൊപ്പമുള്ള ഈ കൂടിയിരുത്തമെന്ന് രണ്ട് പേരും നന്ദി പൂര്‍വ്വം സ്മരിച്ചു.

ഫോറം പ്രസിഡണ്ട് ഡോ. സാബു കെ.സി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതവും ശ്രീകല ജിനന്‍ നന്ദിയും പറഞ്ഞു. ഫോറം അംഗങ്ങളുടെയും ദോഹയിലെ സഹൃദയരുടെയും സാന്നിധ്യം കൊണ്ട് പരിപാടി ധന്യമായി. തന്‍സീം കുറ്റ്യാടി, ഹുസൈന്‍ വാണിമേല്‍, അന്‍സാര്‍ അരിമ്പ്ര, സുരേഷ് കുവ്വാട്ട് മജീദ് പുതുപ്പറമ്പ്, ഷംന ആസ്മി ഷംല ജഅഫര്‍ അഷറഫ് മടിയാരി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വംനല്‍കി.

Related Articles

Back to top button
error: Content is protected !!