Breaking News

കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര അറബിക് സെമിനാറിന് നാളെ തുടക്കമാകും

തേഞ്ഞിപ്പലം .കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പും ഫാറൂഖ് കോളേജ് അറബി വകുപ്പും യുഎഇയിലെ ദാറുല്‍ യാസ്മീന്‍ പബ്‌ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് സെമിനാറിന് നാളെ തുടക്കമാകും.

ആധുനിക ഭാഷാ സാഹിത്യ സിദ്ധാന്തങ്ങളും ഗള്‍ഫ് സാഹിത്യത്തില്‍ അവയുടെ പ്രയോഗവും എന്ന തലക്കെട്ടില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു ഇന്റര്‍നാഷണല്‍ സെമിനാര്‍ നടക്കുന്നതെന്ന് യൂണിവേര്‍സിറ്റി അറബി വകുപ്പില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ വകുപ്പ് മേധാവി ഡോ. ടി.എ .അബ്ദുല്‍ മജീദ് അഭിപ്രായപ്പെട്ടു. ഭാഷാ ശാസ്ത്രവുമായി ബന്ധപ്പെട്ട സെമിനാറിന്റെ വിവിധ സെഷനുകളിലായി യുഎഇ, ഒമാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുളള ഭാഷാ വിദഗ്ധരും സാഹിത്യകാരന്മാരും പങ്കെടുക്കും. കേരളത്തിലെ കോളേജധ്യാപകര്‍, ഗവേഷക വിദ്യാര്‍ഥികള്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങളവതരിപ്പിക്കും.

കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ 1974 ല്‍ സ്ഥാപിതമായ അറബി വകുപ്പ് സുവര്‍ണജൂബിലിയുടെ ഭാഗമായി അമ്പതിന പരിപാടികളാണ് നടപ്പാക്കുന്നതെന്നും ഈ അക്കാദമിക വര്‍ഷം നടത്തുന്ന മൂന്നാമത് അന്താരാഷ്ട സെമിനാറാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ 10 മണിക്ക് ഇഎംഎസ് സെമിനാര്‍ കോംപ്‌ളക്‌സില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. പി.രവീന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് ചടങ്ങില്‍ മുഖ്യ അതിഥിയായി സംബന്ധിക്കും.

മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ.എന്‍.കുറുപ്പ്, കാലടി സം,സ്്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗീതാ കുമാരി, സിണ്ടിക്കേറ്റ് മെമ്പര്‍മാരായ അഡ്വ.പി.കെ.കലീമുദ്ധീന്‍, ടി.ജെ.മാര്‍ട്ടിന്‍, സി.പി. ഹംസ തുടങ്ങിയവര്‍ ആശംസകള്‍ നേരും.

യുഎഇയിലെ പ്രശസ്ത പ്രസാധാകരായ ദാറുല്‍ യാസ്മീന്‍ പബ്‌ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സിഇഒ ഡോ. മറിയം അല്‍ ശനാസി, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേര്‍സിറ്റി അറബിക് വിഭാഗം പ്രൊഫസര്‍മാരായ ഡോ. ഖാലിദ് അല്‍ കിന്‍ദി, ഡോ.അബ്ദുറഹിമാന്‍ തുഅ്മ, ഡോ. മുഹമ്മദ് മുസ്തഫ, ടെക്നോളജി ആന്റ് ആപ്ളിക്കേഷന്‍ സയന്‍സ് യൂണിവേര്‍സിറ്റി പ്രൊഫസര്‍ ഡോ. സഈദ് അല്‍ സല്‍ത്തി തുടങ്ങിയ വിദഗ്ധര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

ജനുവരി 23 ന് നടക്കുന്ന ശില്‍പശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് ഗള്‍ഫ് സാഹിത്യത്തില്‍ പ്രായോഗിക പരിജ്ഞാനവും പരിശീലനവും നല്‍കും.

യൂണിവേര്‍സിറ്റി അറബി വകുപ്പ് മേധാവി ഡോ.ടി.എ.അബ്ദുല്‍ മജീദിന് പുറമേ പി.ആര്‍.ഒ ഷിജിത്ത്, ഫാറുഖ് കോളേജ് അറബി വകുപ്പ് മേധാവി ഡോ.യൂനുസ് സലീം, സെമിനാര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. അലി നൗഫല്‍, വകുപ്പ് അധ്യാപകരായ ഡോ. ഇ അബ്ദുല്‍ മജീദ്, ഡോ.ജിപി.മുനീര്‍, നാഷിദ് വി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!