ഖത്തറില്‍ തൊഴിലാളികള്‍ക്ക് മാന്യമായ താമസ സൗകര്യം നല്‍കാത്ത കമ്പനിക്കെതിരെ നടപടി
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ തൊഴിലാളികള്‍ക്ക് മാന്യമായ താമസൗകര്യം നല്‍കാത്ത കമ്പനിക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി. അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റ്, ലേബര്‍, സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനയ്ക്കിടെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അല്‍ കീസ ആസ്ഥാനമായുള്ള ശുചിത്വ, ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരായ നടപടിയെടുത്തത്.
രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന താമസ സൗകര്യങ്ങള്‍ നല്‍കണമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഖത്തര്‍ തൊഴില്‍ നിയമം 2020 ലെ പതിനെട്ടാം അനുച്ഛേദപ്രകാരം ആറുമാസത്തില്‍ കൂടാത്ത തടവും രണ്ടായിരം റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.