Uncategorized

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഖുര്‍ആന്‍ സെമിനാര്‍ സംഘടിപ്പിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ തര്‍തീല്‍ കാമ്പയിനോടനുബന്ധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഖുര്‍ആന്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആനുകാലിക വായനയുടെ സാഹിത്യ സൃഷ്ടിയാണ് ഖുര്‍ആനെന്നും, പുതു സാധാരണക്കാലത്ത് ഖുര്‍ആന്‍ വഴികാട്ടുന്നുവെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

ബഹ്‌റൈനില്‍ ‘വിശുദ്ധ ഖുര്‍ആന്‍ സമഗ്രത, സമകാലികത’ എന്ന വിഷയത്തില്‍ ജമാല്‍ മാംഗ്ലൂര്‍, സിജു ജോര്‍ജ്, രാജു ഇരിങ്ങല്‍ എന്നിവരും, യുഎഇയില്‍ ‘അജയ്യമാണ് ഖുര്‍ആന്‍’ എന്ന വിഷയത്തില്‍ ബഷീര്‍ ഫൈസി വെണ്ണക്കോട്, ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, അബ്ദുസലാം വെള്ളശേരി എന്നിവരും ഖത്തറില്‍ ‘ഖുര്‍ആനിലെ സോഷ്യലിസം’ എന്ന വിഷയത്തില്‍ അബ്ദുല്ല വടകര, ജമാല്‍ അസ്ഹരി, അബ്ദുല്‍ ഹക്കീം വാഫി എന്നിവരും പങ്കെടുത്തു.

സൗദി ഈസ്റ്റില്‍ ‘ഖുര്‍ആനിന്റെ അമാനുഷികത’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സിദ്ധീഖ് ഇര്‍ഫാനി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, അബ്ദുനാസര്‍ അഹ്സനി ഒളവട്ടൂര്‍ എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു.
കുവൈറ്റില്‍ ഫാറൂഖ് ഹമദാനി, മുഹമ്മദലി സഖാഫി പട്ടാമ്പി, അബ്ദുല്ല വടകര എന്നിവര്‍ ‘ഖുര്‍ആന്‍ മാനവികതയുടെ ദര്‍ശനം’ എന്ന വിഷയത്തില്‍ സംസാരിച്ചു.

ഒമാനില്‍ ‘കാലാതിവര്‍ത്തിയായ ഖുര്‍ആന്‍’ എന്ന വിഷയത്തില്‍ നാസിറുദ്ധീന്‍ സഖാഫി കോട്ടയം, ഫിറോസ് അബ്ദു റഹ്‌മാന്‍, പ്രജീഷ് ബാലുശ്ശേരി എന്നിവരും, സൗദി വെസ്റ്റില്‍ അബ്ദുന്നാസര്‍ അന്‍വരി, ഡോ: ഇ അഭിലാഷ്, ഹസന്‍ ചെറൂപ്പ, മുഹ്സിന്‍ സഖാഫി എന്നിവര്‍ ‘ഖുര്‍ആന്‍ സര്‍വ്വ ലൗകികം’ എന്ന വിഷയത്തിലെ സെമിനാറിലും വിഷയമവതരിപ്പിച്ച് സംസാരിച്ചു.

മെയ് ഏഴ്, പതിനാല് തിയ്യതികളില്‍ നടക്കുന്ന ഗള്‍ഫ് ‘ഗ്രാന്റ് ഫിനാലെ’യോട് കൂടി തര്‍തീല്‍ സമാപിക്കും. മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി പതിനഞ്ച് ഇനങ്ങളില്‍ നൂറ്റിപതിനഞ്ച് പ്രതിഭകള്‍ മാറ്റുരക്കും.

Related Articles

Back to top button
error: Content is protected !!