ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കല്‍ കാമ്പയിനുമായി ദോഹ മുനിസിപ്പാലിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തിന്റെ സൗന്ദര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താനും വൃത്തി സംരക്ഷിക്കാനും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കല്‍ കാമ്പയിനുമായി ദോഹ മുനിസിപ്പാലിറ്റി രംഗത്ത്. റോഡകിരിലും പൊതു പാര്‍ക്കിംഗ് ഏരിയകളിലും ദീര്‍ഘകാലമായി ഉപയോഗിക്കാതെ പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങളൊക്കെ നീക്കം ചെയ്യുന്ന പദ്ധതിയാണിത്. മെക്കാനിക്കല്‍ ഉപകരണ വകുപ്പ്, പൊതു ശുചിത്വ വകുപ്പ്, ദോഹ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ ക്യാമ്പയിന്‍ നടത്തുന്നത്.
ദോഹ മുനിസിപ്പാലിറ്റിയിലെ പൊതു നിയന്ത്രണ വിഭാഗം മേധാവിയും രാജ്യത്ത് ഉപേക്ഷിക്കപ്പെട്ട കാറുകള്‍ നീക്കം ചെയ്യുന്നതിനുള്ള കമ്മിറ്റി അംഗവുമായ ഹമദ് സുല്‍ത്താന്‍ അല്‍ ഷഹ്വാനിയുടെയും ലെഖ്വിയ ഫോഴ്‌സിലെ ലെഫ്റ്റനന്റ് മുഹമ്മദ് ജാസിം അല്‍ തമീമിയുടെയും പങ്കാളിത്തം ഈ പ്രചാരണത്തിന് ലഭിച്ചു. ലെഖ്വിയ ഫോഴ്സ്, ജനറല്‍ ട്രാഫിക് ആന്‍ഡ് പട്രോളിംഗ് വകുപ്പ്, നിരവധി മുനിസിപ്പാലിറ്റി ജീവനക്കാര്‍, പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ എന്നിവരുടെ അംഗങ്ങളുടെയും പട്രോളിംഗിന്റെയും പങ്കാളിത്തത്തോടെയാണ് കാമ്പയിന്‍ നടക്കുന്നത്.
ദോഹ മുനിസിപ്പാലിറ്റിയുടെ ഭരണ അതിര്‍ത്തികളില്‍ നിന്ന് ഉപേക്ഷിച്ച കാറുകള്‍ നീക്കം ചെയ്യുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് ഷാഹ്വാനി പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും മുനിസിപ്പാലിറ്റിക്കുള്ളില്‍ നിന്ന് നീക്കം ചെയ്യുന്ന കാമ്പെയ്ന്‍ ഒരു മാസം നീണ്ടുനില്‍ക്കും.
2021 ജനുവരി ആദ്യം മുതല്‍ ഉപേക്ഷിക്കപ്പെട്ട 2000 ഓളം വാഹനങ്ങള്‍ വിവിധ മുനിസിപ്പാലിറ്റികളില്‍ നിന്ന് നീക്കം ചെയ്തതായി ഷഹ്വാനി പറഞ്ഞു.