ഖത്തര്‍ റെഡ് ക്രസന്റിന് ആദരമേകി ഹമദ് മെഡിക്കല്‍ കോര്പറേഷന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ചികില്‍സാ ചിലവ് കഴിക്കാന്‍ കഴിയാത്ത ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധിച്ച വൃക്കരോഗികള്‍ക്ക് ചികിത്സിക്കാന്‍ 2016-2020 കാലയളവില്‍ നല്കിയ പിന്തുണയെ മാനിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഫഹദ് ബിന്‍ ജാസിം വൃക്ക കേന്ദ്രവും ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗവും ഖത്തര്‍ റെഡ് ക്രസന്റിനെ ആദരിച്ചു.
ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്ത താമസക്കാരെ സഹായിക്കുന്നതിനായി എച്ച്എംസി, ക്യുആര്‍സി എന്നിവിടങ്ങളിലെ ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗവുമായി സഹകരിച്ചാണ് 2016 ല്‍ പ്രോഗ്രാം ആരംഭിച്ചതെന്ന് ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധിച്ച വൃക്ക രോഗികള്‍ക്കുള്ള ചികിത്സാ പ്രോഗ്രാം ഡയറക്ടര്‍ ഡോ. ഫദ്വ അല്‍ അലി വിശദീകരിച്ചു.
പ്രോഗ്രാമിലെ 45 രോഗികളും ഹെപ്പറ്റൈറ്റിസ് സി വൈറസില്‍ നിന്ന് സുഖം പ്രാപിച്ചു. ഫഹദ് ബിന്‍ ജാസിം വൃക്ക കേന്ദ്രം, അടിയന്തിര പരിചരണ കേന്ദ്രം, അല്‍ ഷമാല്‍ ഡയാലിസിസ് സെന്റര്‍, അല്‍ ഷഹാനിയ ഡയാലിസിസ് സെന്റര്‍, അല്‍ വകറ ഡയാലിസിസ് സെന്റര്‍, അല്‍ ഖോര്‍ ഡയാലിസിസ് സെന്റര്‍ എന്നിവയുള്‍പ്പെടെ എച്ച്എംസിയുടെ വിവിധ ഡയാലിസിസ് യൂണിറ്റുകളില്‍ രോഗികള്‍ക്ക് ഡയാലിസിസ് ലഭിച്ചു.
ഖത്തറിലെ ഹെപ്പറ്റൈറ്റിസ് സി വൈറസ് ഇല്ലാതാക്കാനുള്ള ദേശീയ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ സഹകരണമെന്ന് എച്ച്എംസിയിലെ ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. സഅദ് അല്‍ കഅബി പറഞ്ഞു. ഖത്തറിലെ ഹെപ്പറ്റൈറ്റിസ് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ദേശീയ പദ്ധതി പൊതുജനാരോഗ്യ മന്ത്രാലയവും എച്ച്എംസിയും നടത്തിവരുന്നുണ്ട്. ഖത്തറിനകത്തും പുറത്തും സര്‍ക്കാരിന്റെ മാനുഷികവും സാമൂഹികവുമായ നയത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ റെഡ് ക്രസന്റ് പരിപാടിയുടെ സ്പോണ്സര്ഷിപ്പില് പങ്കെടുക്കുന്നു. നിരവധി അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് പദ്ധതിക്ക് അന്താരാഷ്ട്ര തലവത്തില് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.