പതിമൂന്നാമത് മിലിപ്പോള്‍ ഖത്തര്‍ സമാപിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോംസ്പോസിയം എന്ന കമ്പനിയുമായി സഹകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പതിമൂന്നാമത് മിലിപ്പോള്‍ ഖത്തറിന് ദോഹ എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ് സെന്ററില്‍ സമാപിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 6600 സന്ദര്‍ശകരും 235 മാധ്യമ പ്രതിനിധികളും പങ്കെടുത്ത പ്രദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കാനായതില്‍ സംഘാടകര്‍ സന്തോഷം പ്രകടിപ്പിച്ചു.
ആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ് രംഗത്തെ മധ്യപൂര്‍വ ദേശത്ത് നടക്കുന്ന സുപ്രധാന പ്രദര്‍ശനമാണ് മിലിപ്പോള്‍ ഖത്തര്‍. 17 രാജ്യങ്ങളില്‍ നിന്നായി 71 വിദേശ കമ്പനികളും ഖത്തറില്‍ നിന്നുള്ള 72 കമ്പനികളും പങ്കെടുത്ത പ്രദര്‍ശത്തില്‍ ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെതായി 5 അന്താരാഷ്ട്ര പവലിയനുകള്‍ ശ്രദ്ധനേടി. വിവിധ രാജ്യങ്ങളുടെ സുരക്ഷ മേധാവികളുടേയും മന്ത്രിമാരുടേയും സന്ദര്‍ശനം മിലിപ്പോളിനെ സവിശേഷമാക്കി.
പതിനാലാമത് മിലിപ്പോള്‍ 2022 മെയ് 24 മുതല്‍ 26 ദോഹയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.