
ഭക്ഷ്യോല്‍പാദന രംഗത്തെ സ്വയം പര്യാപ്തതയിലേക്കുള്ള ഖത്തറിന്റെ മുന്നേറ്റം അടയാളപ്പെടുത്തി അഗ്രിടെക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഭക്ഷ്യോല്‍പാദന രംഗത്തെ സ്വയം പര്യാപ്തതയിലേക്കുള്ള ഖത്തറിന്റെ മുന്നേറ്റം അടയാളപ്പെടുത്തി അഗ്രിടെക്. പഴം, പച്ചക്കറി, പാല്‍, കോഴി, മൃഗങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ രാജ്യം നടത്തുന്ന ആശാവഹമായ മുന്നേറ്റമാണ് ഇന്നലെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച നാല് ദിവസത്തെ പ്രദര്‍ശനം കാഴ്ചവെക്കുന്നത്.
രാജ്യത്തിന്റെ കാര്‍ഷിക വളര്‍ച്ചയും പുരോഗതിയും പ്രോല്‍സാഹിപ്പിക്കുന്നതിനായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്ന എട്ടാമത് അഗ്രികള്‍ചറല്‍ എക്‌സിബിഷനാണിത്. രണ്ടാമത് ഖത്തര്‍ പരിസ്ഥിതി പ്രദര്‍ശനവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
42 രാജ്യങ്ങളില്‍ നിന്നായി 200 ലധികം എക്സിബിറ്റര്‍മാര്‍ പങ്കെടുക്കുന്ന ഈ പ്രദര്‍ശനത്തില്‍ 65 ലധികം ഖത്തറി ഫാമുകളും പങ്കെടുക്കുന്നുണ്ട്.
തേന്‍, ഈത്തപ്പഴം മാര്‍ക്കറ്റ് കൂടി ചേര്‍ത്തത് ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. ഇത് ഖത്തറില്‍ നിന്നും പുറത്തുനിന്നുമുള്ള ഉല്‍പാദകര്‍ക്ക് അവരുടെ മികച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരുമായി നേരിട്ട് ബന്ധപ്പെടുവാനും ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുവാനും അവസരം നല്‍കും.
കാര്‍ഷിക മേഖലയ്ക്ക് രാജ്യം വളരെയധികം പ്രാധാന്യം നല്‍കന്നുവെന്നതിന്റെ സൂചനയാണ് അഗ്രിടെക്. വിവിധ പച്ചക്കറികളുടേയും, മല്‍സ്യം, മാംസം, പാല്‍ എന്നിവയുടേയും ഉല്‍പാദനത്തില്‍ രാജ്യം വമ്പിച്ച പുരോഗതിയാണ് കൈവരിക്കുന്നത്. ഇറക്കുമതി പരമാവധി കുറക്കുവാനും വില കൂടാതെ നോക്കുവാനുമുള്ള നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്.
നിരവധി മത്സ്യ ഫാമുകള്‍ പ്രവര്‍ത്തിക്കാനും ഉത്പാദിപ്പിക്കാനും തുടങ്ങിയിട്ടുണ്ടെന്നും അടുത്ത മാസം പ്രതിവര്‍ഷം 2,000 ടണ്‍ ഉല്‍പാദന ശേഷിയുള്ള രണ്ട് മത്സ്യ ഫാക്ടറികള്‍ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കുമായി സഹകരിച്ച് 600 ടണ്‍ തിലാപ്പിയ മത്സ്യം ഉത്പാദിപ്പിക്കാനും ഖത്തറിന്റെ 40 ശതമാനം ആവശ്യങ്ങള്‍ നിറവേറ്റുന്ന രണ്ട് ഫാമുകള്‍ സ്ഥാപിക്കാനും പരിപാടിയുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.