Breaking News

ലോകകപ്പ് സമയത്ത് മെട്രോ രാവിലെ 6 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെ

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പ് കാലത്ത് രാജ്യത്തെ മെട്രോ സര്‍വീസുകള്‍ രാവിലെ 6 മുതല്‍ പുലര്‍ച്ചെ 3 വരെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

37 മെട്രോ സ്റ്റേഷനുകളും 7 ട്രാം സ്റ്റേഷനുകളുമടക്കം മുഴുവന്‍ മെട്രോ സൗകര്യങ്ങളും വെള്ളിയാഴ്ച ഒഴികെ ആഴ്ച മുഴുവന്‍ രാവിലെ 6 മണിമുതല്‍ പുലര്‍ച്ചെ 3 മണി വരെ സജീവമാകും. വെളളിയാഴ്ചകളില്‍ രാവിലെ 9 മണി മുതലാണ് സേവനം ആരംഭിക്കുക.

സന്ദര്‍ശകരുടെ എണ്ണം കണക്കിലെടുത്തിട്ടുണ്ടെന്നും അതിനാല്‍ പരമാവധി ശേഷിയിലെത്താന്‍ മെട്രോ സര്‍വീസ് വര്‍ധിപ്പിക്കുമെന്നും ഖത്തര്‍ റെയില്‍ ഓപ്പറേഷന്‍സ് അഫയേഴ്സ് ഡയറക്ടര്‍ അബ്ദുല്ല അല്‍ സുലൈത്തി പറഞ്ഞു.

സര്‍വീസ് നടത്തുന്നവയും സ്റ്റാന്‍ഡ് ബൈ ഉള്ളവയും അടക്കം 110 മെട്രോ ട്രെയിനുകളും 18 ട്രാമുകളും ലോകകപ്പ് സമയത്ത് പ്രവര്‍ത്തിപ്പിക്കും.

43 ലൈനുകളില്‍ മെട്രോലിങ്ക് ഫീഡര്‍ സര്‍വീസുകള്‍ തുടരും. അതേസമയം, മെട്രോ എക്‌സ്പ്രസ് ഓണ്‍ ഡിമാന്‍ഡ് സേവനം രാവിലെ 6 മുതല്‍ ഉച്ചവരെ മാത്രമേ ലഭ്യമാകൂ.

പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യം 13 മെട്രോ സ്റ്റേഷനുകളില്‍ ലഭ്യമാകും. മൊത്തം 18,200 പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഒരുക്കും.

ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെ സൗജന്യമായി മെട്രോയും ട്രാമും ഉപയോഗിക്കാമെന്നും ഹയ്യ കാര്‍ഡ് ഉടമകള്‍ അല്ലാത്തവര്‍ക്ക് എല്ലാ സ്റ്റേഷനുകളിലും പ്രതിവാര യാത്രാ കാര്‍ഡുകള്‍ വാങ്ങാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് സമയത്ത് സ്റ്റേഡിയം ട്രാഫിക്കിന്റെ 30 മുതല്‍ 50 ശതമാനം വരെ മെട്രോ സര്‍വീസുകള്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!