അത്യാധുനിക സൗകര്യങ്ങളോടെ എം.ഇ.എസ് സ്‌ക്കൂളിന്റെ പുതിയ ശാഖ പ്രവര്‍ത്തനമാരംഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : അത്യാധുനിക സൗകര്യങ്ങളോടെ എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂളിന്റെ പുതിയ ശാഖ അബൂ ഹമൂറിലെ വിശാലമായ കാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുതിയ കാലത്തിന്റെ ചുവരെഴുത്തുകള്‍ ക്രിയാത്മകമായി വായിക്കുവാനും മികച്ച വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുവാനും ഉദ്ദേശിച്ചുകൊണ്ടുള്ള നൂതന സംവിധാനങ്ങളോടെയാണ് പുതിയ ശാഖ പ്രവര്‍ത്തനമാരംഭിച്ചത്.
പഠിതാക്കളെ അധ്യാപകരുമായും സ്‌കൂളുമായും ബന്ധിപ്പിക്കുന്നതിന് നൂതന പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളുമുള്ള സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള പൂര്‍ണ്ണ ഡിജി-കാമ്പസ്, ആശയവിനിമയവും മികച്ച കഴിവുകളും വികസിപ്പിക്കുന്ന എഫ്എം റേഡിയോ, അക്കാദമിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാതാപിതാക്കളെയും വിദ്യാര്‍ത്ഥികളെയും സഹായിക്കുന്ന ഹാപ്പിനെസ് സെന്റര്‍, പരിസ്ഥിതിയോട് ക്രിയാത്മക മനോഭാവം വളര്‍ത്തുന്ന് ഗ്രീന്‍ ആര്‍മി, കുട്ടികളെ തുടര്‍ച്ചയായി നിരീക്ഷിക്കാനും സമയാസമയങ്ങളില്‍ പ്രതിഫലം നല്‍കാനും സ്റ്റാര്‍ ചേസ്, വായന ശീലം വികസിപ്പിക്കുന്നതിനുള്ള ഡ്രോപ് എവരിതിംഗ് ആന്റ് റീഡ് എന്ന 3 ആഴ്ചത്തെ പ്രോഗ്രാം, സയന്‍സ് ലാബുകള്‍, മാത്തമാറ്റിക്സ് ലാബ്, ഹോം സയന്‍സ് ലാബ്, എഞ്ചിനീയറിംഗ് ഗ്രാഫിക്സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ് , ഭാഷാ കഴിവുകള്‍ വികസിപ്പിക്കുന്നതിന്; കേള്‍ക്കല്‍, സംസാരിക്കല്‍, വായന) എന്നിവ ഉറപ്പുവരുത്തുന്ന ലാംഗ്വേജ് ലാബ്, കലാകായിക മത്സരങ്ങള്‍ തുടങ്ങി വൈവിധ്യവും നൂതനവുമായ സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് മാനേജ്മെന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എം.ഇ.എസ്.എസ് ഇന്ത്യന്‍ സ്‌ക്കൂളിന്റെ അബൂഹമൂറിലെ പുതിയ ശാഖയിലേക്ക് അഡ്മിഷന്‍ തുടരുകയാണ്. വിശദാംശങ്ങള്‍ www.mesisqatar.com എന്ന സൈറ്റില്‍ ലഭ്യമാണ് .
നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങാന്‍ സജ്ജമായിരുന്നെങ്കിലും കോവിഡ് സാഹചര്യത്താല്‍ വൈകുകയായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി 28 വര്‍ഷത്തിലധികമായി വിവിധ സ്‌ക്കൂളുകളില്‍ പ്രവര്‍ത്തനപരിചയമുള്ള ഡോ. മുഹമ്മദ് ഹനീഫയാണ് പ്രിന്‍സിപ്പല്‍.
വാര്‍ത്താസമ്മേളനത്തില്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ കരീം കെ, പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഹനീഫ്, ജനറല്‍ സെക്രട്ടറി അഹ്‌മദ് ഹിഷാം എന്നിവര്‍ പങ്കെടുത്തു.