ഖത്തറില്‍ ഹരിത ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്കും ഹരിത ലിസ്റ്റില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുവരുന്ന ചില വിഭാഗങ്ങള്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവ് ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇത് ബാധകമല്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഹരിത ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്കും ഹരിത ലിസ്റ്റില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുവരുന്ന ചില വിഭാഗങ്ങള്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവ്. പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പെനിന്‍സുല ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്തതാണിത്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇത് ബാധകമല്ല. ഇവിടുന്ന് വരുന്നവര്‍ ഡിസ്‌കവര്‍ ഖത്തര്‍ പ്രത്യേകമായി സജ്ജമാക്കിയ ഹോട്ടലുകളില്‍ പത്ത് ദിവസത്തെ ക്വാറന്റൈനോ മെക്കെയ്നിസില്‍ 14 ദിവസത്തെ ക്വാറന്റൈനോ പൂര്‍ത്തിയാക്കണം.
ഖത്തറില്‍ നിന്നോ വിദേശത്തു നിന്നോ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍ പൂര്‍ത്തീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് ക്വാറന്റൈനില്‍ നിന്ന് ഇളവ് നല്‍കും. ഖത്തറില്‍ നിന്നും കഴിഞ്ഞ 9 മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരേയും ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കും.
ഹരിത ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും വരുന്ന വാക്സിനെടുക്കാത്തവര്‍ 7 ദിവസം ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. ഇവര്‍ ഒരു ഹോം ക്വാറന്റൈന്‍ അണ്ടര്‍ടേക്കിംഗില്‍ ഒപ്പിടണം.
ഗ്രീന്‍ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികള്‍, മാതാപിതാക്കള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരാണെങ്കില്‍ ഒറ്റയ്ക്കോ മാതാപിതാക്കളോടൊപ്പമോ മടങ്ങിയെത്തിയാല്‍ 7 ദിവസത്തെ ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ മതി.
ഖത്തറില്‍ നിന്ന് രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച് നിര്‍ദ്ദിഷ്ട 14 ദിവസം പൂര്‍ത്തിയാക്കാത്തവരും 7 ദിവസത്തെ ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയോ രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയാകുന്നതുവരെയോ ഹോം ക്വാറന്റൈനില്‍ കഴിയണം.
75 വയസും അതില്‍ കൂടുതലുമുള്ളവരെ അതേ വീട്ടില്‍ നിന്നുള്ള ഒരാളോടൊപ്പം ഹോം ക്വാറന്റൈന്‍ ചെയ്യണം.
ഗര്‍ഭിണികളായ സ്ത്രീകള്‍ വാക്സിനെടുത്ത ഭര്‍ത്താവുമായോ അതേ വീട്ടില്‍ നിന്നുള്ള വാക്സിനെടുത്ത ബന്ധുവുമായോ തിരിച്ചുവരുമ്പോള്‍ ഹോം ക്വാറന്റൈന്‍ മതിയാകും.
മുലയൂട്ടുന്ന അമ്മമാര്‍ക്കും 2 വയസും അതില്‍ താഴെയുമുള്ള അവരുടെ കുഞ്ഞുങ്ങള്‍ക്കും വാക്സിനെടുത്ത ഭര്‍ത്താവുമായോ അതേ വീട്ടില്‍ നിന്നുള്ള വാക്സിനെടുത്ത ബന്ധുവുമായോ തിരിച്ചുവരുമ്പോള്‍ ഹോം ക്വാറന്റൈന്‍ മതിയാകും.
രാജ്യത്തിന്റെ ചിലവില്‍ വിദേശത്ത് ചികിത്സക്ക് പോയ രോഗികള്‍ക്കും ഒരു പരിചാരകനും ഹോം ക്വാറന്റൈന്‍ അനുവദിക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പ് രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുക
മുകളില്‍ പറഞ്ഞ ഗ്രൂപ്പുകള്‍ ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കുമെന്ന കരാറില്‍ ഒപ്പിടണം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക്, ഹോം ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന കരാറില്‍ മാതാപിതാക്കളോ രക്ഷിതാവോ ആണ് ഒപ്പിടേണ്ടത്.