
കടലില്‍ കുടുങ്ങിയ വിദേശികളെ രക്ഷപ്പെടുത്തി മലയാളി ഹീറോകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ വക്‌റയില്‍ നിന്നും ഏകദേശം 14 കിലോമീറ്റര്‍ അകലെ ബോട്ട് മുങ്ങി കടലില്‍ കുടുങ്ങിയ വിദേശികളെ രക്ഷപ്പെടുത്തി മലയാളി ഹീറോകള്‍. ചെങ്ങന്നൂര്‍ സ്വദേശി സിജോ, സഹോദരന്‍ ജോണ്‍സി, പത്തനം തിട്ട സ്വദേശി ടൈറ്റസ് ജോണ്‍, കോഴിക്കോട് സ്വദേശി ഫാസില്‍ എന്നിവരാണ് ബോട്ട് തകര്‍ന്ന് കടലില്‍ കുടുങ്ങിയ രണ്ട് ഈജിപ്തുകാരേയും ഒരു ജോര്‍ദാന്‍കാരനേയും രക്ഷപ്പെടുത്തിയത്.
കടല്‍ യാത്രയും മീന്‍ പിടുത്തവും ലക്ഷ്യം വെച്ച് സിജോ, ടൈറ്റസ്, സാബിത്, ആന്റണി എന്നീ നാല് പേര്‍ ചേര്‍ന്ന് വാങ്ങിയ ജാങ്കോ എന്ന സ്വകാര്യ ബോട്ടില്‍ ഉല്ലാസത്തിന് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു മലയാളി സംഘം. എല്ലാ വാരാന്ത്യങ്ങളിലും ഇത്തരം യാത്രകള്‍ പോകാറുണ്ട്. കായലിലെ വിസ്മയ കാഴ്ചകളും മീന്‍ പിടിക്കലും എത്ര തവണ പോയാലും മതിവരാത്ത അനുഭവമാണെന്ന് സിജോ പറഞ്ഞു. ഇന്നലെയും പതിവുപോലെ വകറയിലെ കടലിലായിരുന്നു യാത്ര. കരയില്‍ നിന്നും ഏകദേശം പത്ത് പതിനാല് കിലോമീറ്റര്‍ ദൂരം പിന്നിട്ടുകാണും. അപ്പോഴാണ് അസ്വാഭാവികമായ എന്തോ ഒന്ന് കടലില്‍ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഓറഞ്ച് നിറമായിരുന്നത് കൊണ്ട് പെട്ടെന്ന് ശ്രദ്ധിച്ചു. ഉടനെ അങ്ങോട്ട് കുതിച്ചു. ലൈഫ് ജാക്കറ്റുകളിട്ട മൂന്ന് പേര്‍ വെള്ളത്തില്‍ കിടക്കുന്നതായി കണ്ടത്. തൊട്ടടുത്ത് ഇവരുടെ ബോട്ട് തകര്‍ന്ന് പൂര്‍ണമായും മുങ്ങിക്കിടപ്പുണ്ടായിരുന്നു. ബോട്ടിന്റെ പെട്രോള്‍ ടാങ്കിലും മറ്റും പിടിച്ചാണ് ഇവര്‍ കിടന്നിരുന്നത്. തങ്ങളുടെ ബോട്ടില്‍ നിന്നും കയര്‍ എറിഞ്ഞ് കൊടുത്ത് ഉടനെ തന്നെ സിജോയും സംഘവും ഓരോരുത്തരെയായി തങ്ങളുടെ ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
ഉടന്‍ തന്നെ 999 എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരമറിയിച്ചു. അവര്‍ കോസ്റ്റ്ഗാര്‍ഡുമായി ബന്ധപ്പെടുകയും 20 മിനിറ്റിനകം കോസ്റ്റ് ഗാര്‍ഡ് സംഭവസ്ഥലത്ത് കുതിച്ചെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
രണ്ടാഴ്ച മുമ്പും കടലില്‍ കുടുങ്ങിയ ഏതാനും പേരെ തങ്ങള്‍ക്ക് രക്ഷിക്കാന്‍ സാധിച്ചിരുന്നതായി ഖത്തറിലെ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരനായ സിജോ പറഞ്ഞു.



