കടല്‍ ജീവനക്കാരുടെ ദിനത്തില്‍ പ്രത്യേകമായ ലോഞ്ച്് ഉദ്ഘാടനം ചെയ്ത് ഖത്തര്‍ എയര്‍ വേയ്‌സ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അന്താരാഷ്ട്ര കടല്‍ ജീവനക്കാരുടെ ദിനത്തില്‍ പ്രത്യേകമായ ലോഞ്ച്് ഉദ്ഘാടനം ചെയ്ത് ഖത്തര്‍ എയര്‍ വേയ്‌സ് ശ്രദ്ധേയമായി. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ രണ്ടാം നിലയിലാണ് കടല്‍ ജീവനക്കാര്‍ക്ക് പ്രത്യേകമായി മാരിനര്‍ ലോഞ്ച് ഉദ്ഘാടനം ചെയ്തത്.
അന്താരാഷ്ട്ര ഷിപ്പിംഗ് വ്യവസായം ലോക സമ്പദ്വ്യവസ്ഥയുടെ ജീവരക്തമാണ് . ഏകദേശം 16 ലക്ഷമാളുകളാണ് കടലില്‍ വിവിധ ജോലികളിലേര്‍പ്പെടുന്നത്. ഏറെ സാഹസികമായ രീതിയില്‍ അവര്‍ പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകുന്നതുകൊണ്ടാണ് ലോക സാമ്പത്തിക വ്യവസ്ഥ നിലനില്‍ക്കുന്നത്് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിന്റെ സുപ്രധാനമായ ഭാഗം കടലിലൂടെയാണ് നടക്കുന്നത്.
കോവിഡ് കാലം കടല്‍ ജീവനക്കാര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പലരും മാസങ്ങളോളം കടലില്‍ കുടുങ്ങി.2020 ഏപ്രില്‍ മുതല്‍ 380000 കടല്‍ ജീവനക്കാരെയാണ് ഖത്തര്‍ എയര്‍വേയ്‌സ് നാടണയാന്‍ സഹായിച്ചത്. 28000 നാവികരെ കൊണ്ടുവരുന്നതിനായി മാത്രം 100 വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തതായും മാരിനര്‍ ലോഞ്ച് ഉദ്ഘാടനം ചെയ്ത ഖത്തര്‍ എയര്‍വവേ യ്‌സ് ഗ്രൂപ്പ് സി. ഇ. ഒ. അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു.
കടലില്‍ വിവിധ ജോലികളിലേര്‍പ്പെടുന്നവര്‍ ലോക സാമ്പത്തിക ക്രമത്തെ താങ്ങി നിര്‍ത്തുന്നതിനെ അംഗീകരിക്കുന്നതോടൊപ്പം അവരുടെ ജീവിത സാഹചര്യങ്ങളും സുരക്ഷയും സംബന്ധിച്ച ചര്‍ചയും അന്വേഷണവും പ്രോല്‍സാഹിപ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും ജൂണ്‍ 25 കടല്‍ ജീവനക്കാരുടെ ദിനമായി ആചരിക്കുന്നത്.