
വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് ആശ്വാസം, ക്വാറന്റൈന്‍ അവസാനിക്കുന്നു. സന്ദര്‍ശക വിസകളും ആരംഭിക്കും.
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പ്രവാസ ലോകം ആകാംക്ഷയോടെ കാത്തിരുന്ന പുതിയ യാത്ര നയം ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകൃത വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട എന്നതും വിവിധ തരത്തിലുളള സന്ദര്‍ശക വിസകള്‍ അനുവദിക്കുമെന്നതുമാണ് പുതിയ നയത്തിന്റെ പ്രത്യേകത. ജൂലൈ 12 മുതലാണ് പുതിയ നയം നിലവില്‍ വരിക.
ഫൈസര്‍, മൊഡേണ, അസ്ട്ര സെനിക, കോവി ഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പൂര്‍ണമായും അംഗീകരിച്ചിട്ടുള്ളത്. സിനോഫാം നിബന്ധനകള്‍ക്ക് വിധേയമായി അംഗീകരിക്കും.
ബുധനാഴ്ച ചേര്‍ന്ന ഖത്തര്‍ മന്ത്രി സഭ പുതിയ യാത്ര നയം സംബന്ധിച്ച ദുരന്ത നിവാരണ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിക്കുകയും താമസിയാതെ ബന്ധപ്പെട്ട അധികൃതര്‍ പുതിയ നയം പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു
പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി രാജ്യങ്ങളെ തിരിച്ചിരിക്കുന്നു. ചുവന്ന ലിസ്റ്റില്‍ നിന്ന് വരുന്ന വാക്സിനെടുത്ത ആളുകള്‍ ആവര്‍ത്തിച്ചുള്ള ആര്‍.ടി.പി.സി. ആര്‍ ചെയ്യേണ്ടതുണ്ട്.
ഇന്ത്യ ചുവന്ന ലിസ്റ്റിലാണുള്ളത് . അതിനാല്‍ വാക്സിനെടുത്ത ഇന്ത്യക്കാര്‍ ദോഹ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ സ്വന്തം ചിലവില്‍ ആര്‍. ടി. പി. സി. ആര്‍. പരിശോധന നടത്തണം.
പുതിയ ട്രാവല്‍ നയത്തിന്റെ ഹൈലൈറ്റുകള്‍ താഴെ പറയുന്നവയാണ്
1.ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനെടുത്ത റഡിഡന്റ് പെര്‍മിറ്റുള്ളവരേയും സന്ദര്‍ശകരേയും ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കും.
2. വാക്‌സിനെടുക്കാത്തവര്‍ക്കും ഭാഗികമായി വാക്‌സിനെടുത്തവര്‍ക്കും വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കാത്തവര്‍ക്കും ജി.സി.സി. രാജ്യങ്ങളില്‍ നിന്നെല്ലാതെ കഴിഞ്ഞ12 മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ തുടരും.
3. 11 വയസ്സുള്ളവരെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അതേ പ്രവേശന വ്യവസ്ഥ ബാധകമാകും. രക്ഷിതാക്കള്‍ വാക്‌സിനെടുത്തവരാണെങ്കില്‍ കുട്ടികളും വാക്‌സിനെടുത്തവരായി പരിഗണിക്കപ്പെടും.
വാക്‌സിനെടുക്കാത്ത 11 മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്ക് പുറപ്പെടുന്ന രാജ്യത്തിന്റെ പ്രവേശന വ്യവസ്ഥക്കനുസരിച്ച് ക്വാറന്റൈന് വിധേയമാകും. ഹോട്ടല്‍ ക്വാറന്റൈനില്‍ രക്ഷിതാക്കളില്‍ ഒരാള്‍ കൂടെ വേണം, അവര്‍ വാക്‌സിനെടുത്തവരാണെങ്കിലും
4. എല്ലാ യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
5. യാത്രയുടെ 12 മണിക്കൂറെങ്കിലും മുമ്പ് ehteraz. gov.qa എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
6. ദോഹയിലെത്തുമ്പോള്‍ സ്വന്തം ചിലവില്‍ ആര്‍.ടി..പി.സി.ആര്‍ പരിശോധന നടത്തണം. റിപ്പോര്‍ട്ട് പോസിറ്റീവാണെങ്കില്‍ ഐസോലേഷനില്‍ പോവേണ്ടി വരും
ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങള്‍
https://covid19.moph.gov.qa/EN/Documents/PDFs/GREEN%20COUNTRIES.pdf
യെല്ലോ ലിസ്റ്റിലുള്ള രാജ്യങ്ങള്‍
https://covid19.moph.gov.qa/EN/Documents/PDFs/YELLOW%20COUNTRIES.pdf
റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങള്‍
https://covid19.moph.gov.qa/EN/Documents/PDFs/RED%20COUNTRIES.pdf