കോവിഡ് പ്രതിരോധ നടപടികളില്‍ ജാഗ്രതയോടെ നിലകൊള്ളുവാന്‍ ആഭ്യന്തര മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സാമൂഹിക സുരക്ഷ, കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും തീരുമാനങ്ങളും പാലിക്കുന്നതില്‍ പൊതുജനം ജാഗ്രതയോടെ നിലകൊള്ളുവാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റില്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍, ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും തീരുമാനങ്ങളും പാലിക്കണമെന്നും അനുവദനീയമായ പരിധിക്കുള്ളില്‍ അല്ലാതെ ഒത്തുചേരലുകള്‍ നടത്തരുതെന്നും നടപടിക്രമങ്ങള്‍ ലംഘിക്കുന്ന ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വരും ദിവസങ്ങളില്‍ നിരവധി പേര്‍ ദോഹയിലേക്ക് തിരിച്ചുവരാനിരിക്കെ സ്ഥിതിഗതികള്‍ രൂക്ഷമാവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വാക്‌സിനെടുത്തവരും സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും ഇടക്കിടെ കൈ സാനിറ്റൈസ് ചെയ്തും ശ്രദ്ധിക്കണം.
വംശീയവും ഗോത്രപരമായ ചേരിതിരിവും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രയോഗങ്ങളും ഓഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.