ഉദ്ഘാടനത്തിനൊരുങ്ങി അല്‍ ബയ്ത്ത്, 974 സ്റ്റേഡിയങ്ങള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ഫിഫ ലോക കപ്പിനായി ഖത്തര്‍ പണി പൂര്‍ത്തിയാക്കിയ ലോകോത്തര അല്‍ ബയ്ത്ത്, 974 സ്റ്റേഡിയങ്ങള്‍ നവംബര്‍ 30 ന് ഉദ്ഘാടനം ചെയ്യും. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2021 ന്റെ ഉദ്ഘാടന ദിവസം തന്നെ രണ്ട് മനോഹരമായ സ്റ്റേഡിയങ്ങള്‍ അവരുടെ ആദ്യ മത്സര മത്സരങ്ങള്‍ക്ക് വേദിയാവുമെന്നത് കാല്പന്തുകളിയാരാധകരേയും സംഘാടകരേയും ഒരു പോലെ ആവേശഭരിതരാക്കുന്നതാണ് .
അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ മികച്ചതാക്കാനുള്ള സുപ്രധാന അവസരമായി ഖത്തര്‍ ഫിഫ അറബ് കപ്പിനെ കാണുമ്പോള്‍, ടൂര്‍ണമെന്റില്‍ അറബ് ലോകത്തെമ്പാടുമുള്ള 16 ദേശീയ ടീമുകള്‍ പങ്കെടുക്കുന്നുവെന്നത് മേഖലയില്‍ മല്‍സരത്തിന് പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
അല്‍ ബൈത്ത്, സ്റ്റേഡിയം 974 എന്നിവയുള്‍പ്പെടെ ആറ് ഖത്തര്‍ 2022 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഇവ രണ്ടും നവംബര്‍ 30 ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും.
ആതിഥേയരായ ഖത്തറും ബഹ്റൈനും പ്രാദേശിക സമയം വൈകിട്ട് 7:30 ന് ഗ്രൂപ്പ് എയില്‍ അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. അന്ന് തന്നെ രാത്രി 10 മണിക്ക് നടക്കുന്ന ഗ്രൂപ്പ് ബിയിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സും സിറിയയും തമ്മിലുള്ള മത്സരത്തോടെയാണ് സ്റ്റേഡിയം 974 ഉദ്ഘാടനം ചെയ്യപ്പെടുക.
കിക്ക്-ഓഫിന് മുന്നോടിയായി നടക്കുന്ന അല്‍ ബൈത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇറാഖി ഗായിക റഹ്മ റിയാദിന്റെയും മറ്റ് സര്‍പ്രൈസ് പെര്ഫോമേഴ്സിന്റെയും തത്സമയ പ്രകടനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഉദ്ഘാടന ചടങ്ങ് നടക്കും. വിസ്മയിപ്പിക്കുന്ന പൈറോടെക്നിക് പ്രദര്‍ശനവും അറബ് ഐക്യത്തിന്റെ കഥ പറയുന്ന പ്രൊജക്ഷന് ഷോയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫുട്ബോളിന്റെ ഉത്സവവും അറബ് സംസ്കാരത്തിന്റെ ആഘോഷവുമാകുന്ന ഫിഫ അറബ് കപ്പ് ഫൈനല്‍ ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 ന് അല്‍ ബെയിത് സ്റ്റേഡിയത്തിലാണ് നടക്കുക.