
അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ താല്‍ക്കാലിക വിലക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ആഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക് വിലക്ക് ഏര്‍പ്പെടുത്തി ഖത്തര്‍ എയര്‍വേയ്സ് .
വെളളിയാഴ്ച കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ഉടനെ തന്നെ സൗത്ത് ആഫ്രിക്ക, സിംബാവേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ആഗോളാടിസ്ഥാനത്തിലുള്ള വൈറസ് ഭീഷണി വിശകലനം ചെയ്ത ശേഷം മൊസാംബിക്കില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്ക് ബാധകമാക്കി. ഇന്നലെ രാത്രിയോടെയാണ് അംഗോള, സാമ്പിയ എന്നീ രാജ്യങ്ങളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 7 വിമാനതാവളങ്ങളില്‍ നിന്നും ഇനിയൊറയിപ്പുണ്ടാകുന്നതുവരെ ഖത്തറിലേക്ക് യാത്ര ചെയ്യാനാവില്ല.
അംഗോളയിലെ ലുവാണ്ട , മൊസാംബിക്കിലെ മാപുട്ടോ,സൗത്ത് ആഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗ്, കേപ് ടൗണ്‍, ദര്‍ബന്‍, സാംബിയയിലെ ലുസാക്ക, സിംബാവെയിലെ ഹരാരെ എന്നീ വിമാനതാവളങ്ങളില്‍ നിന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ താല്‍ക്കാലിക വിലക്ക് തുടരും.
ലോകാരോഗ്യ സംഘടനയില്‍ നിന്ന് കൂടുതല്‍ മാര്‍ഗനിര്‍ദേശം ലഭിക്കുന്നതുവരെ ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. ആരോഗ്യ രംഗത്തെവിദഗ്ധര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും ഭീഷണി നീങ്ങുന്നതോടെ വിലക്ക് നീക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.