അറബി ഭാഷയെ ഫിഫയുടെ ഔദ്യോഗിക ഭാഷയിലുള്‍പ്പെടുത്തണമെന്ന് നിര്‍ദേശം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അറബി ഭാഷയെ ഫിഫയുടെ ഔദ്യോഗിക ഭാഷയിലുള്‍പ്പെടുത്തണമെന്ന് നിര്‍ദേശം . ഡിസംബര്‍ 18 യുഎന്നിന്റെ ലോക അറബിക് ഭാഷാ ദിനവും ഖത്തറില്‍ നടന്ന പ്രഥമ ഫിഫ അറബ് കപ്പ് ഖത്തര്‍ 2021 ന്റെ സമാപനവും ഒരുമിച്ചുവന്ന പശ്ചാത്തലത്തലത്തിലാണ് അറബി ഭാഷയെ ഫിഫയുടെ ഔദ്യോഗിക ഭാഷയിലുള്പ്പെടുത്തണമെന്ന നിര്‍ദേശം വന്നത്. ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്റിനോയാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.
20-ലധികം രാജ്യങ്ങളില്‍ താമസിക്കുന്ന 450 ദശലക്ഷം ആളുകള്‍ മാതൃഭാഷയായി ഉപയോഗിക്കുന്നതു മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിനാളുകള്‍ സംസാരിക്കുന്ന അറബി ഭാഷയുടെ പ്രാധാന്യത്തെ മാനിച്ചുകൊണ്ടാണ് ഇങ്ങനെയൊരു നിര്‍ദേശം.
ഖത്തറിലെയും മെന മേഖലയിലുടനീളമുള്ള പങ്കാളികളുമായും നടന്ന ദീര്‍ഘകാല ചര്‍ച്ചകളില്‍ നിന്നാണ് ഫിഫ പ്രസിഡന്റിന്റെ നിര്‍ദ്ദേശം രൂപപ്പെട്ടത്. കൂടാതെ അറബ് ലോകത്തും മിഡില്‍ ഈസ്റ്റിലുടനീളവും ഫുട്ബോളിന്റെയും ഐക്യത്തിന്റെയും ആഘോഷത്തില്‍ 23 ദേശീയ ടീമുകളെ വിജയകരമായി ഒരുമിച്ച് കൊണ്ടുവന്ന ഫിഫ അറബ് കപ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടു വന്നത് എന്നത് ശ്രദ്ധേയമാണ് .
നിലവില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ് എന്നിവയാണ് ഫിഫയുടെ നാല് ഔദ്യോഗിക ഭാഷകള്‍. 1973 ഡിസംബര്‍ 18 മുതല്‍ ഐക്യ രാഷ്ട്ര സംഘടനയുടെ 6 ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് അറബി ഭാഷ.