362 അക്കാദമിക് പ്രോഗ്രാമുകള്‍ക്ക് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. തൊഴില്‍ രംഗത്ത് പ്രയോജനപ്പെടുന്ന പുതിയ 17 പ്രോഗ്രമുകള്‍ക്ക് ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 2021 ല്‍ അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍ ബിശ്രി അറിയിച്ചു. ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ മൊത്തം 362 അക്കാദമിക് പ്രോഗ്രാമുകള്‍ക്ക് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ട്
വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടമാണ് ഖത്തര്‍ നടത്തുന്നതെന്നും വിദ്യാര്‍ഥികളുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്കും തൊഴില്‍ മാര്‍ക്കറ്റിനും അനുഗുണമായ കോഴ്‌സുകളും പദ്ധതികളുമാണ് വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1677 യൂണിവേര്‍സിറ്റിക്കാണ് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്. ഈ യൂണിവേര്‍സിറ്റികളില്‍ ഖത്തറില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിക്കാം. അവിടെ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രാലയം അംഗീകരിക്കും.
ഈ വര്‍ഷം 70 സ്‌ക്കൂളുകള്‍ക്ക് പ്രത്യേക ശ്രദ്ധയാവശ്യമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കി. പ്രത്യേക ശ്രദ്ധയാവശ്യമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിന് മാത്രമായി 12 സ്‌ക്കൂളുകളാണ് ഈ വര്‍ഷം ആരംഭിച്ചത്. ഇതോടെ രാജ്യത്തെ ഇതേ സ്വഭാവത്തിലുള്ള സ്‌ക്കൂളുകള്‍ 33 ആയി .
കോളേജ് ഓഫ് നോര്‍ത്ത് അത്‌ലാന്റികിനെ പൂര്‍ണമായ ഒരു യൂണിവേര്‍സിറ്റി ആക്കി മാറ്റിയതും പ്രഥമ ഇന്ത്യന്‍ യൂണിവേര്‍സിറ്റിയുടെ കാമ്പസ് ആരംഭിച്ചതും ഈ വര്‍ഷത്തെ സുപ്രധാനമായ നാഴികകല്ലുകളാണ് . കൂടാതെ 6 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഈ വര്‍ഷം അനുമതി നല്‍കിയത്.