കള്‍ച്ചറല്‍ ഫോറം എറണാകുളം ഐക്യദാര്‍ഢ്യ സദസ്സ് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ : കെ റെയില്‍ കേരളത്തിന് വേണ്ട എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലയില്‍ നടത്തുന്ന പ്രക്ഷോഭ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കള്‍ച്ചറല്‍ ഫോറം എറണാകുളം ജില്ലാകമ്മിറ്റി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് ശ്രദ്ധേയമായി.
പൊതുജനത്തിന് താങ്ങാവുന്നതിലധികം പൊതുകടത്തിലൂടെ മുടന്തുന്ന ഒരു സംസ്ഥാനത്തു വീണ്ടും ബാധ്യതയാകുന്ന ജനവിരുദ്ധ പദ്ധതികള്‍ അടിച്ചേല്പിക്കാന് അനുവദിക്കില്ലെന്ന് ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍ പറഞ്ഞു.
പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിച്ച മുന്‍പദ്ധതികളുടെ അവസ്ഥ മൂലമ്പിള്ളി അടക്കം നമ്മുടെ മുമ്പിലുണ്ട്. ഈ ഭീമന് പദ്ധതിക്കെതിരായ കോടതി ഇടപെടലും ഇതിലെ ജനവിരുദ്ധതക്ക് തെളിവാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി എച്. സദഖത്ത് പ്രക്ഷോഭ യാത്രയെ സംബന്ധിച്ച് വിശദീകരിച്ചുകൊണ്ട് സദസ്സിലുള്ളവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കി. കല്ച്ചറല്ഫോറം ജില്ലാ പ്രസിഡന്റ് അഫ്സല് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജ്മല്‍ സാദിഖ് നന്ദിയും പറഞ്ഞു.