ആയിഷ ചിത്രീകരണം ജനുവരി 25 ന് ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന ആദ്യ മലയാള-അറബിക് ചിത്രം ആയിഷയുടെ ചിത്രീകരണം ജനുവരി 25 ന് യു.എ.ഇ യില്‍ ആരംഭിക്കുന്നു.
റാസല്‍ഖൈമയിലും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കുന്ന സിനിമയില്‍ മലയാളത്തില്‍ നിന്നുള്ളവര്‍ക്ക് പുറമേ സൗദി, യു.എ.ഇ, പോര്‍ച്ചുഗല്‍, തുനീഷ്യ, ഈജിപ്ത്, നൈജീരിയ, ശ്രീലങ്ക, ഫിലിപ്പൈന്‍സ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം കലാകാരന്‍മാര്‍ വേഷമിടുന്നു. മലയാളത്തിനും അറബിക്കും പുറമേ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഖത്തര്‍ മലയാളികളുടെ കൂടി പങ്കാളിത്തത്തോടെയാണ് സിനിമ നിര്‍മിക്കുന്നത്.
സക്കറിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഷിഫ് കക്കോടി രചന നിര്‍വ്വഹിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ആമിര്‍ പള്ളിക്കലാണ്. സഹനിര്‍മ്മാണം ഷംസുദ്ധീന്‍ എം.ടി, ഹാരിസ് ദേശം, സക്കരിയ്യ വാവാട്. എം.ജയചന്ദ്രന്‍ സംഗീത നിര്‍വ്വഹണം നടത്തുന്ന ചിത്രത്തില്‍ മലയാളത്തിലേയും അറബിയിലേയും പ്രശസ്ത പിന്നണി ഗായകര്‍ പാടുന്നു.
ക്രോസ്‌ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ്, ഫെദര്‍ടെച്ച് മൂവി ബോക്‌സ്, ലാസ്റ്റ് എക്‌സിറ്റ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ അപ്പു.എന്‍.ഭട്ടത്തിരി, കലാസംവിധാനം മോഹന്‍ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ബിനു ജി നായര്‍, ഗാന രചന ബികെ ഹരിനാരായണന്‍, സുഹൈല്‍ കോയ. ശബ്ദ സംവിധാനം വൈശാഖ്, നിശ്ചല ചിത്രം രോഹിത് കെ സുരേഷ്.