Breaking News

ഖത്തറില്‍ വിസ നിയമം ലംഘിച്ച വിദേശികള്‍ക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാനുള്ള ഗ്രേസ് പിരിയഡ് എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ വിസ നിയമം ലംഘിച്ച വിദേശികള്‍ക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാനുള്ള ഗ്രേസ് പിരിയഡ് എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സര്‍ച്ച് ആന്റ് ഫോളോ അപ്പ് വകുപ്പും യുനൈറ്റഡ് സര്‍വീസസ് വകുപ്പും ആവശ്യപ്പെട്ടു. 2015-ലെ നിയമ നമ്പര്‍ (21)ലെ വ്യവസ്ഥകള്‍ ലംഘിച്ച പ്രവാസികള്‍ക്കായി ഒക്ടോബര്‍ 10 ന് നിലവില്‍ വന്ന ഗ്രേസ് പിരിയഡ്
2022 മാര്‍ച്ച് 31 വരെയാണ്.

2021 ഡിസംബര്‍ 31-ന് അവസാനിക്കേണ്ടിയിരുന്ന ഗ്രേസ് പിരിയഡ് മാര്‍ച്ച് 31 വരെ നീട്ടിയത് വിസ നിയമ ലംഘിച്ച വിദേശി തൊഴിലാളികളേയും കമ്പനികളേയും സഹായിക്കാനാണെന്നും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും സര്‍ച്ച് ആന്റ് ഫോളോ അപ്പ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ഗ്രേസ് പിരിയഡ് ഓഫീസര്‍മാരായ ക്യാപ്റ്റന്‍ കമാല്‍ താഹിര്‍ അല്‍ തൈരിയും മുഹമ്മദ് അലി അല്‍ റാഷിദും ആവശ്യപ്പെട്ടു. ഈ കാലയളവില്‍ വിസ ചട്ട ലംഘനങ്ങള്‍ പരിഹരിക്കുന്നവര്‍ക്ക് 50 % ഇളവ് ലഭിക്കും. യാതൊരു നിയമ നടപടികളും നേരിടാതെ രാജ്യം വിടാമെന്നതാണ് ഗ്രേസ് പിരിയഡിന്റെ ഏറ്റവും വലിയ ആനുകൂല്യം.

നിലവിലെ ഗ്രേസ് പിരിയഡില്‍ തൊഴിലുടമയെ മാറ്റുവാനും പിഴയില്‍ 50 ശതമാനം ഇളവ് ലഭ്യമാക്കാനും സൗകര്യമുണ്ട്.

രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാനുഷിക പരിഗണനകളോടെ സൗകര്യമൊരുക്കുക എന്ന ദൗത്യമാണ് സര്‍ച്ച് ആന്റ് ഫോളോ അപ്പ് വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. യാതൊരു നിയമ നടപടികളോ പിഴയോ കൂടാതെ സ്വദേശത്തേക്ക് മടങ്ങാനുള്ള സൗകര്യം ചെയ്തുകൊടുത്താണ് വകുപ്പ് ഈ കാമ്പയിനില്‍ സജീവമാകുന്നത്.

ഗ്രേസ് പിരിയഡിന്റെ ആനുകൂല്യം സ്വീകരിച്ച് വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്മെന്റിലോ, ഉമ്മു സലാല്‍ , ഉമ്മു സുനൈം മിസൈമീര്‍ അല്‍ വക്ര, അല്‍ റയ്യാന്‍ എന്നീ സര്‍വീസസ് സെന്ററുകളിലോ ബന്ധപ്പെടണം.

റസിഡന്‍സി നിയമങ്ങള്‍, തൊഴില്‍ വിസ നിയമം അല്ലെങ്കില്‍ ഫാമിലി വിസിറ്റ് വിസ നിയമം എന്നിവ ലംഘിച്ച പ്രവാസികള്‍ക്ക് ഈ കാലയളവില്‍ അവരുടെ നിയമപരമായ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ അപേക്ഷ സമര്‍പ്പിക്കാം. നിയമ നടപടിക്രമങ്ങള്‍ ഒഴിവാക്കാനും അനുരഞ്ജനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുമാണ് സാവകാശം നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് 1 മണി മുതല്‍ 6 മണി വരെ നിശ്ചിത കാലയളവില്‍ അനുരഞ്ജനത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലെ താമസ നിയമം, തൊഴില്‍ വിസ നിയമം, ഫാമിലി വിസിറ്റ് വിസ നിയമം മുതലായ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവര്‍ക്ക് അവരുടെ താമസ രേഖകള്‍ ശരിപ്പെടുത്തുവാനുള്ള പ്രത്യേക അവസരമാണിത്. അനധികൃത തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കും ഭീമമായ പിഴകള്‍ കൂടാതെ തങ്ങളുടെ സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള സുവര്‍ണാവസരമാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!