ബാക്കു സ്ട്രീറ്റ് ഫോട്ടോഗ്രാഫി ഫെസ്റ്റിവലില്‍ ഖത്തര്‍ മലയാളിക്ക് രണ്ടാം സ്ഥാനം
അമാനുല്ല വടക്കാങ്ങര
ദോഹ. ബാക്കു സ്ട്രീറ്റ് ഫോട്ടോഗ്രാഫി ഫെസ്റ്റിവലില്‍ ഖത്തര്‍ മലയാളിക്ക് രണ്ടാം സ്ഥാനം . ഖത്തറില്‍ ഐ.ടി. എഞ്ചിനീയറായി ജോലി ചെയ്യുന്ന അജീഷ് പുതിയടത്താണ് ബാക്കു അന്താരാഷ്ട്ര സ്ട്രീറ്റ് ഫോട്ടോഗ്രാഫി മല്‍സരത്തില്‍ സമ്മാനം നേടിയത്. പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരാളുടെ തലക്ക് മീതെ മൂന്ന് ഹെലികോപ്ടറുകള്‍ പറക്കുന്ന ചിത്രമാണ് അജീഷിന് സമ്മാനം നേടിക്കൊടുത്തത്.
നിങ്ങളുടെ ഫോട്ടോ നിങ്ങളുടെ തന്നെ പ്രതിഫലനമാണെന്ന മൈനര്‍ വൈറ്റിന്റെ വാചകത്തില്‍ നിന്നും പ്രചോദമുള്‍കൊണ്ടാണ് ഈ ഫോട്ടോ പകര്‍ത്തിയതെന്ന് അജീഷ് പറഞ്ഞു.
ലളിതമായ രചന, ശക്തമായി നിര്‍മ്മിച്ച ഹൈ-കോണ്‍ട്രാസ്റ്റ് ട്രീറ്റ്മെന്റ്, ഒരാളുടെ തലയ്ക്ക് ചുറ്റും കറങ്ങുന്ന കൗതുകകരമായ ‘ഡ്രാഗണ്‍ ഫ്‌ലൈസ്’ അതാണ് അജീഷിന് സമ്മാനം നേടിക്കൊടുത്ത ചിത്രം. ഇത് നിങ്ങളുടെ പിന്നില്‍ നിന്നുള്ള ഒരു ഛായാചിത്രമായി തോന്നാം വിശാലമായി പറഞ്ഞാല്‍ ഇത് ഓരോ പുരുഷന്റേയും സ്ത്രീയുടേയും പ്രതീകാത്മകമായ ഒരു ഛായാചിത്രമാകാം. ദൈനംദിന ജീവിതത്തിലെ ചിന്തകളുടെയും ഉത്കണ്ഠകളുടെയും പ്രശ്നങ്ങളുടെയും വിലാപവും പിറുപിറുപ്പും ഒരാള്‍ കേള്‍ക്കാന്‍ തുടങ്ങുന്നതിന്റെ പ്രതീകാത്മക ഭാഷ്യമാണ് തലയ്ക്ക് മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്ററുകളില്‍ ഒളിഞ്ഞിരിക്കുന്നത് .
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ അധ്യാപകനായിരുന്ന പരേതനായ അച്ച്യൂതന്റേയും ഡോ. വിമലയുടേയും ഏക മകനായ അജീഷിന് നേരത്തെ പാരിസ് ഇന്റര്‍നാഷനല്‍ സ്ട്രീറ്റ് ഫോട്ടോ അവാര്‍ഡ്സില്‍ സ്ട്രീറ്റ് ആന്റ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ഗ്രാന്‍ഡ് വിന്നര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇതേ മല്‍സരത്തില്‍ കഴിഞ്ഞ വര്‍ഷം സില്‍വര്‍ പുരസ്‌കാരം അജീഷിനായിരുന്നു .
കഴിഞ്ഞ 7 വര്‍ഷത്തോളമായി ഫോട്ടോഗ്രാഫിയില്‍ സജീവമായ അജീഷിന് 2019 ലെ ഖത്തര്‍ മ്യൂസിയത്തിന്റെ ഇയര്‍ ഓഫ് കള്‍ച്ചര്‍ പുരസ്‌കാരം, ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ബാക്കു സ്ട്രീറ്റ് ഫോട്ടോഗ്രാഫി ഫെസ്റ്റിവല്‍ (ബിഎസ്പിഎഫ്) സമകാലിക സ്ട്രീറ്റ് ഫോട്ടോഗ്രാഫിയുടെ ഏറ്റവും മികച്ചത് പ്രദര്‍ശിപ്പിക്കുകയും ഈ വിഭാഗത്തിലെ പ്രൊഫഷണല്‍, അമേച്വര്‍ ഫോട്ടോഗ്രാഫര്‍മാരുടെ സൃഷ്ടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഉത്സവമാണ്. എക്‌സിബിഷനുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രഭാഷണങ്ങള്‍, മറ്റ് ഇവന്റുകള്‍ എന്നിവയിലൂടെ തെരുവ് ഫോട്ടോഗ്രഫി പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോം സ്ഥാപിക്കുക എന്നതാണ് ഉത്സവത്തിന്റെ ലക്ഷ്യം.