ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ അവസാന നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് വെള്ളിയാഴ്ച ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ അവസാന നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് വെള്ളിയാഴ്ച ദോഹയില്‍ നടക്കും. ഏതൊക്കെ ടീമുകളാണ് പരസ്പരം മാറ്റുരക്കുകയെന്നറിയാന് ലോകമെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് .
ദോഹ എക്സിബിഷന് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ 2000 വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.
ആധുനിക ചരിത്രത്തിലെ ഏറ്റവും ഒതുക്കമുള്ള ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന ഖത്തറിലേക്കുള്ള യാത്രകള്‍ ആരാധകര്‍ ഇതിനകം തന്നെ ആസൂത്രണം ചെയ്ത് തുടങ്ങിയിരിക്കുന്നു. കളി നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളും സെന്‍ട്രല്‍ ദോഹയില്‍ നിന്ന് ഒരു മണിക്കൂറിനുള്ളിലാണ് എന്നത് ഖത്തര്‍ ലോക കപ്പിന്റെ ഏറ്റവും വലിയ സവിശേഷതയാണ് . അതുകൊണ്ട് തന്നെ ഒരേ ദിവസം ഒന്നിലധികം മത്സരങ്ങളില്‍ കാണാന്‍ അവസരം ലഭിക്കും.
പ്രാരംഭ റാന്‍ഡം നറുക്കെടുപ്പ് സമയത്ത് 17 ദശലക്ഷത്തിലധികം ആരാധകരാണ് ടിക്കറ്റുകള്‍ക്കായി അപേക്ഷിച്ചത്. മാര്‍ച്ച് 8 മുതല്‍ പലര്‍ക്കും ടിക്കറ്റ് അനുമതി ലഭിച്ചു. നിലവിലെ പേയ്മെന്റ് ഘട്ടത്തില്‍ നിരവധിപേര്‍ ഇതിനകം തന്നെ സീറ്റുകള്‍ ഉറപ്പിച്ചുകഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ ടിക്കറ്റ് അനുമതി ലഭിച്ചവര്‍ മാര്‍ച്ച് 21 ദോഹ സമയം 1 മണിക്ക് മുമ്പായി പണമടക്കണം.