പാസേജ് ടു ഇന്ത്യ മാര്‍ച്ച് 24, 25, 26 തിയ്യതികളില്‍ മിയ പാര്‍ക്കില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അസോസിയേറ്റഡ് ഓര്‍ഗനൈസേഷനുകളും ബിസിനസ് കമ്മ്യൂണിറ്റിയും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ കലാസാംസ്‌കാരിക കൂട്ടായ്മകളുമായി സഹകരിച്ച് നടത്തുന്ന പാസേജ് ടു ഇന്ത്യ മാര്‍ച്ച് 24, 25, 26 തിയ്യതികളില്‍ മിയ പാര്‍ക്കില്‍ നടക്കും.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കലാസാംസ്‌കാരിക മേള എന്ന നിലക്കാണ് പാസേജ് ടു ഇന്ത്യക്ക് മിയ പാര്‍ക്ക് വേദിയാകുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആസാദി കാ അമൃത മഹോല്‍സവിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പാസേജ് ടു ഇന്ത്യ പരിപാടിക്ക് വമ്പിച്ച പ്രാധാന്യമുണ്ടെന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ പറഞ്ഞു.
കതാറയിലും മിയ പാര്‍ക്കിലുമൊക്കെയായി മുന്‍ വര്‍ഷങ്ങളില്‍ നടന്ന പാസേജ് ടു ഇന്ത്യ ഈ വര്‍ഷം മൂന്ന് ദിവസത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ കലാസാംസ്‌കാരികാഘോഷമെന്ന നിലക്ക്
എല്ലാ കൂട്ടായ്മകളും ബിസിനസ് സമൂഹവും ഇതിന്റെ ഭാഗമാവണമെന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് ആവശ്യപ്പെട്ടു. ഇത് ഇന്ത്യന്‍ സമൂഹത്തിന്റെ ആഘോഷമാണ് .ഖത്തറിലെ ഏറ്റവും വലിയ പ്രവാസി വിഭാഗമെന്ന നിലയില്‍ ഇന്ത്യക്കാരുടെ സാംസ്‌കാരികവും കലാപരവുമായ പ്രകടനത്തിനുള്ള ഈ മികച്ച അവസരം സമൂഹം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.