ലോക കപ്പ് ജഴ്‌സിയണിയാന്‍ യു.എ.ഇയക്ക് ഇനിയും കാത്തിരിക്കേണ്ടി വരും
റഷാദ് മുബാറക്
ദോഹ: മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോക കപ്പില്‍ ജഴ്‌സിയണിയാന്‍ യു.എ.ഇയക്ക് അവസരമില്ല. ഇന്നലെ നടന്ന ഏഷ്യന്‍ പ്ലേഓഫ് റൗണ്ടിലെ അവസാന അങ്കത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് ഒരു ഗോളിന് തോറ്റാണ് യു.എ.ഇയുടെ ഈ വര്‍ഷത്തെ ലോകകകപ്പ് സ്വപ്‌നം അസ്തമിച്ചത്.
അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമുകളും ആദ്യന്തം പൊരുതികളിച്ചത് കാണികളെ ആവേശഭരിതരാക്കി. കളിക്കാരെ ആവേശത്തേരിലേറ്റാനും ഗ്രൗണ്ട് സപ്പോര്‍ട്ട് നല്‍കാനും നിരവധി കാല്‍പന്തുകളിയാരാധകരാണ് യു.എയില്‍ നിന്നും ഖത്തറിലെത്തിയത്. എന്നാല്‍ ആസ്‌ട്രേലിയയുടെ ശക്തമായ മുന്നേറ്റത്തെ യു.എ.ഇക്ക് പ്രതിരോധിക്കാനായില്ല. കളിയുടെ അമ്പത്തിമൂന്നാം മിനിറ്റില്‍ തന്നെ ആസ്‌ട്രേലിയ യു.എ. ഇയുടെ ഗോള്‍വല കുലുക്കിയെങ്കിലും മിനിറ്റുകള്‍ക്കകം ഗോള്‍ തിരിച്ചുനല്‍കി യു. എ. ഇ ഉയര്‍ന്ന ഫോമിലെത്തി. സമനിലയിലെത്തിയ ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കളിയുടെ എണ്‍പത്തിയഞ്ചാം മിനിറ്റില്‍ യു.എ. ഇയയുടെ ഗോള്‍ വല വീണ്ടും കുലുങ്ങിയതോടെ 2- 1 ന് ആസ്‌ട്രേലിയ വിജയമുറപ്പിക്കുകയായിരുന്നു.
1990ന് ശേഷം ലോകകപ്പ് യോഗ്യതയെന്ന സ്വപ്നവുമായി വന്ന യു.എ.ഇ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ലോക കപ്പ് ജഴ്‌സിയണിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
ഏഷ്യന്‍പ്ലേഓഫ് കടന്ന ആസ്‌ട്രേലിയ ഇനി ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫില്‍ ജൂണ്‍ 13ന് ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവിനെ നേരിടും.