ഖത്തര്‍ ഇന്‍കാസ് ഹൈദര്‍ ചുങ്കത്തറ പുതിയ പ്രസിഡണ്ട്
ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഖത്തര്‍ ഇന്‍കാസിന്‍റെ പുതിയ പ്രസിഡണ്ടായി ഹൈദര്‍ ചുങ്കത്തറയെ പ്രഖ്യാപിച്ചു. കാലാവധി പൂര്‍ത്തിയായിട്ടും തെരെഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹി പട്ടിക സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസ്സിയുടെ നിര്‍ദ്ദേശ പ്രകാരം ഐസിസിയുടെ നേതൃത്വത്തില്‍ ഇന്‍കാസില്‍ തെരെഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഐസിസി അഫിലിയേഷന്‍ ഹെഡ് കൂടിയായ സജീവ് സത്യശീലന്‍ ആണ് 2022-24 വര്‍ഷത്തേക്കുള്ള പ്രസിഡണ്ടും മറ്റ് പത്ത് മാനേജ്മെന്‍റ് അംഗങ്ങളെയും തെരെഞ്ഞെടുത്തതായി ഒൌദ്യോഗികമായി പ്രഖ്യാപിച്ചത്.
മഞ്ജുഷ ശ്രീജിത്ത്, ജിഷ ജോര്‍ജ്, ഈപ്പന്‍ തോമസ്, ഷിജു കുര്യാക്കോസ്, അബ്ദുല്‍ മജീദ്, ആന്‍റണി ജോണ്‍, മുബാറക് അബ്ദുല്‍ അഹദ്, ഷിബു സുകുമാരന്‍, അബ്ദുല്‍ ബഷീര്‍ തുവാരിക്കല്‍ പ്രേംജിത്ത് കുട്ടംപറമ്പത്ത് എന്നിവരാണ് പ്രസിഡണ്ടിനെ കുടാതെ മാനേജ്മെന്‍റ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍.
19.05.2022 ന് നിലവിലെ പ്രസിഡണ്ട് പുതിയ ഭാരവാഹി ലിസ്റ്റ് സമര്‍പ്പിച്ചിരുന്നെങ്കിലും ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുകയോ ഭരണഘടനാ ചട്ടങ്ങള്‍ പാലിക്കുകയോ ചെയതില്ലെന്ന പരാതി ലഭിച്ച സാഹചര്യത്തില്‍ അഫിലിയേറ്റഡ് സംഘടന എന്ന നിലക്ക് തെരെഞ്ഞെടുപ്പു നടത്താന്‍ ഐസിസി നിര്‍ബന്ധിതമാവുകയായിരുന്നു. ഇതു പ്രകാരം ഐസിസി 28.05.2022 ന് തെരെ ഞ്ഞെടുപ്പ് വിഞ്ജാപനമിറക്കി ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയും ചെയ്തു.
ശമീര്‍ ഏറാമല പ്രസിഡണ്ടും ഹഫീസ് മുഹമ്മദ് ജനറല്‍ സെക്രട്ടറയുമായിരുന്ന സമയത്ത് ഐസിസിയില്‍ സമര്‍പ്പിച്ചിരുന്ന, 31.12.202 ന് അടിസ്ഥാനമാക്കിയുള്ള ഇന്‍കാസ് അംഗത്വം കണക്കിലാക്കിയാണ് തെരെഞ്ഞടുപ്പ് വിഞ്ജാപനമിറക്കിയത്. ഇത് പ്രകാരം 4603 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നത്.