നിഷ്‌കളങ്കമായ ഗ്രാമജീവിതം അടയാളപ്പെടുത്തുന്ന വൈക്കിലശ്ശേരി വഴികള്‍
അമാനുല്ല വടക്കാങ്ങര
വടകര വില്ല്യാപ്പള്ളിക്കടുത്ത് പൊന്മേരിപറമ്പില്‍ സ്വദേശിനിയും അധ്യാപികയുമായ നജ്മ ഇബ്രാഹിമിന്റെ കന്നിപുസ്തകമായ വൈക്കിലശ്ശേരി വഴികള്‍ ശ്രദ്ധേയമാകുന്നത് നിഷ്‌കളങ്കമായ ഗ്രാമജീവിതം അടയാളപ്പെടുത്തുന്നുവെന്നതുകൊണ്ടും ജീവിതപരിസരങ്ങളുടെ നേര്‍കാഴ്ച സമ്മാനിക്കുന്നുവെന്നതുകൊണ്ടുമാകാം.
കലയും സാഹിത്യവും വൈജ്ഞാനിക പ്രബുദ്ധതയും കൊണ്ടനുഗ്രഹീതമായ കുടുംബ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന നജ്മ ചെറുപ്പം മുതലേ നല്ല വായനക്കാരിയിരുന്നെങ്കിലും എഴുതണമെന്ന് തോന്നിയ പലതും എഴുതാന്‍ ധൈര്യമില്ലാത്തതിനാല്‍ വേണ്ടെന്നുവെക്കുകയായിരുന്നു. പഠനം കഴിഞ്ഞ് അധ്യാപികയായി വൈജ്ഞാനിക ലോകത്ത് സജീവമായപ്പോഴും വായന മുടക്കമില്ലാതെ തുടര്‍ന്നു.
നാട്ടിലെ ജോലിയുപേക്ഷിച്ച് ഖത്തറില്‍ പ്രവാസിയായി മാറിയപ്പോഴും ഓര്‍മയുടെ അറകളില്‍ നാട്ടുപച്ചയും നിഷ്‌കളങ്കമായ ജീവിതത്തിന്റെ തെളിമയാര്‍ന്ന ഓര്‍മകളും മനസിനെ കോള്‍മയിര്‍കൊള്ളിച്ചുകൊണ്ടിരുന്നു.അങ്ങനെയാണ് ജീവിതാനുഭവങ്ങളും പ്രായവും സമ്മാനിച്ച പക്വതയുടേയും തന്റേടത്തിന്റേയും പിമ്പലത്തില്‍ കഴിഞ്ഞ മാസം വൈക്കിലശ്ശേരി വഴികള്‍ വെളിച്ചം കണ്ടത്. ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അഷ്റഫ് തൂണേരിയുടെ പിന്തുണയും സഹകരണവുമാണ് പുസ്തകം സാക്ഷാല്‍ക്കരിക്കാന്‍ സഹായകമായത്.
ഗ്രെയ്‌സ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘വൈക്കിലശ്ശേരി വഴികള്‍’ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുണ്ടായ പ്രതികരണങ്ങള്‍ ആശാവഹമാണ്. എഴുത്ത് രംഗത്ത് കൂടുതല്‍ സജീവമാകുവാനും തന്റെ മനസിലെ വികാരവിചാരങ്ങള്‍ സമൂഹവുമായി പങ്കുവെക്കുവാനും ഈ പ്രതികരണങ്ങള്‍ ഉത്തേജനം നല്‍കുന്നതായി നജ്മ പറഞ്ഞു.
പ്രശ്നസങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളില്‍ നമ്മുടെ ദേശത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് മുന്നോട്ടുള്ള പ്രയാണത്തിനുള്ള പ്രേരകശക്തികളിലൊന്ന്. പരസ്പരം എല്ലാം പങ്കുവെച്ച് ജീവിച്ച കാലവും നാട്ടുവഴികളും ഗ്രാമീണ പ്രകൃതിയും ജീവജാലങ്ങളുമെല്ലാം പങ്കുവെക്കുമ്പോള്‍ മാനവികതയുടെ ഉദാത്തമായ മാതൃകകളാണ് അയവിറക്കപ്പെടുന്നത്.
കുട്ടിയായിരിക്കുമ്പോള്‍ എസ്.കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ പലയാവര്‍ത്തി വായിച്ചതോര്‍ക്കുന്നു. നമ്മുടെ ജീവിത വഴികളും ചുറ്റുപാടുകളും അവിസ്മരണീയമാക്കുന്ന ഓര്‍മകളാണ് ഈ പുസ്തകത്തിന്റെ ആകെത്തുക.
നാട്ടുജീവിതത്തെ ഭാഷാവൈവിധ്യത്തോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന വൈക്കിലശ്ശേരി വഴികള്‍ കോഴിക്കോട് ജില്ലയില്‍ വടകരക്കടുത്ത വൈക്കിലശ്ശേരി എന്ന ഗ്രാമത്തിന്റെ മണ്ണും മനുഷ്യനും ജന്തുജാലങ്ങളും ഉല്‍സവങ്ങളും, പ്രകൃതിയുമെന്നുവേണ്ട ജീവിതത്തിന്റെ സമഗ്രതലങ്ങളേയും ലളിതമായി പരിചയപ്പെടുത്തുന്നുവെന്നിടത്താണ് വ്യതിരിക്തമാകുന്നത്.
പവിത്രന്‍ തീക്കുനിയുടെ പ്രൗഡമായ അവതാരിക ഈ കൊച്ചുകൃതിയെ ധന്യമാക്കുന്നു. അവതാരികയില്‍ അദ്ദേഹം എഴുതിയപോലെ ഏറെ തലമുറകളിലൂടെ ഒഴുകി നടക്കുന്ന, ഏറെ നിഷ്‌കളങ്കമായ ഏറെ കുസൃതികള്‍ നിറഞ്ഞ പുസ്തകമാണ് നജ്മ ഇബ്രാഹീമിന്റെ വൈക്കിലശ്ശേരി വഴികള്‍. നാട്ടുഭാഷയുടെ പൊരുളും പ്രകാശവും സൗന്ദര്യവും ഈ പുസ്തക വായനയെ ധന്യമാക്കുന്നു. ജീവനുളള കഥാപാത്രങ്ങള്‍ക്ക് ഭാഷയുടെ ജീവിതപരിസരമൊരുക്കി വീണ്ടും വീണ്ടും വായിക്കുവാന്‍ പ്രേരിപ്പിക്കുന്നു.
നിര്‍മലമായ ഗ്രാമ ജീവിതം പോലെതന്നെ തെളിമയാര്‍ന്ന ഗ്രാമ്യ പദങ്ങളും ഈ പുസ്തകത്തില്‍ ധാരാളമായി കാണാം. ഭാഷയുടെ വഴക്കവും ഓര്‍മകളുടെ തെളിച്ചവുമാണ് ഈ പുസ്‌കത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്നാണ് ആദ്യ വായനയില്‍ തോന്നുക. എന്നാല്‍ വായനയുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രകൃതിയുടെ തനിമയും സാമൂഹ്യ സാംസ്‌കാരിക മാനങ്ങളുമൊക്കെ പുസ്‌കത്തിന്റെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാം.
നിര്‍മലമായ വായനയുടെ സൗന്ദര്യവും സൗരഭ്യവും ഈ ലഘുകൃതി കാലപ്രയാണത്തില്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നഷ്ടമാകുന്ന പല നന്മകളും തിരിച്ചുപിടിക്കാനും ഓര്‍ത്തെടുക്കാനും ഓരോ വായനക്കാരനേയും സഹായിക്കും. ഓര്‍മകള്‍ നശിക്കുകയും മറവികള്‍ പൂക്കുകയും ചെയ്യുകയും ഒരു കാലത്തിന്റെ ജീവിതം ദുരന്തവും അപകടവും നിറഞ്ഞതാണ് . ഈ സാഹചര്യത്തിലാണ് വാക്കുകളില്‍ പ്രകാശം നിറച്ച് സ്നേഹത്തിന്റെ , ഒരുമയുടെ ഓര്‍മകള്‍ അയവിറക്കുന്നതുപോലും സുകൃതമാകുന്നത്.
ഓര്‍മയുടെ അറകളില്‍ മായാതെ കിടക്കുന്ന തന്റെ കുട്ടിക്കാലവും ഗ്രാമവും സാമൂഹിക ക്രമങ്ങളുമൊക്കെ ഒരു കുട്ടിയെപ്പോലെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് നജ്മ. ഒരു കുളക്കോഴിയെപ്പോലെ കുട്ടിക്കാലത്തേക്ക് ഊളിയിട്ട് പോകാനും ഒരു വവ്വാലിനെപ്പോലെ പഴയ ഓര്‍മകളില്‍ തൂങ്ങിയാടാനും മനസ്സിന്റെ മച്ചിലിപ്പോഴും നത്തുകള്‍ മൂളുമ്പോള്‍ വളച്ചുകെട്ടലുകളോ ഭംഗിവാക്കുകളോ ഇല്ലാതെ തന്റെ മനസ് തുറക്കുകയാണ് നജ്മ. നാട്ടുഭാഷയും ശൈലിയും മാത്രമല്ല ലളിതമായ അവതരണ ചാതുരിയും പുസ്‌കത്തത്തെ മനോഹരമാക്കുന്നു. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന ഈ കൃതി ഒരു പ്രവാസി വീട്ടമ്മയുടെ സര്‍ഗസഞ്ചാരം അടയാളപ്പെടുത്തുന്നുവെന്ന നിലക്കും സവിശേഷമാണ് .
ചിത്രകാരന്‍ സാലിഹ് പാലത്തിന്റെ വരയും പുസ്തകത്തെ കൂടുതല്‍ മനോഹരമാക്കുന്നു.
ഗള്‍ഫിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍മദീന ഗ്രൂപ്പിന്റെ സഊദി-ഖത്തര്‍ റീജ്യണല്‍ ഡയരക്ടര്‍ ജുറൈജ് ഇത്തിലോട്ടിന്റെ സഹധര്‍മിണിയാണ് നജ്മ ഇബ്രാഹീം. നൗബ ജുറൈജ് , റഷ ജുറൈജ് , ഷസ ജുറൈജ് എന്നിവരാണ് മക്കള്‍. മക്കളെല്ലാം കലാസാഹിത്യവാസനകളാല്‍ അനുഗ്രഹീതരാണ് .