ലുസൈല്‍ ബസ് സ്റ്റേഷന്‍ അടുത്ത മാസം ഉദ്ഘാടനം ചെയ്യും
അമാനുല്ല വടക്കാങ്ങര
ദോഹ. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലുസൈല്‍ ബസ് സ്റ്റേഷന്‍ അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി വ്യക്തി.സില ഓപ്പറേഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലുസൈല്‍ ബസ് സ്റ്റേഷന്‍ ഈ മേഖലയിലെയും ലോകത്തെയും അത്തരം സൗകര്യങ്ങളില്‍ ഏറ്റവും മനോഹരമായ ഒന്നാണ്. സ്റ്റേഷനില്‍ അത്യാധുനികവും അതുല്യവുമായ സവിശേഷതകളുണ്ട്,’ മന്ത്രി പറഞ്ഞു.2022-ലെ ഫിഫ ലോകകപ്പ് ഖത്തറിനുള്ള അതിഥികളെ ‘തുറമുഖങ്ങളും വിമാനത്താവളങ്ങളും സഹിതം’ സ്വാഗതം ചെയ്യാന്‍ ഖത്തര്‍ സജ്ജമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലുസൈല്‍ ബസ് സ്റ്റേഷന്‍ ഫിഫ 2022 ആരാധകരുടെ ഗതാഗതത്തെ ഗണ്യമായി പിന്തുണയ്ക്കും. ഓരോ മണിക്കൂറിലും 40 ബസുകള്‍ ഓപറേറ്റ് ചെയ്യുന്നതിനും എല്ലാ സൗകര്യങ്ങളും തയ്യാറാണ്. കൂടാതെ ഒപ്റ്റിമല്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇലക്ട്രിക് ചാര്‍ജിംഗ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
അല്‍ ഖോര്‍ റോഡിലെ ലുസൈല്‍ ക്യുഎന്‍ബി മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബസ് സ്റ്റേഷന്‍ പ്രധാന ലാന്‍ഡ്മാര്‍ക്കുകളിലേക്കും സമീപത്തുള്ള സൗകര്യങ്ങളിലേക്കും എളുപ്പത്തില്‍ ആക്സസ് നല്‍കുന്നു. ടൂര്‍ണമെന്റിനിടെ ലുസൈല്‍, അല്‍ ബൈത്ത് സ്റ്റേഡിയങ്ങളിലേക്കും പുറത്തേക്കും ഫാന്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുകയും അവരെ മറ്റ് പൊതുഗതാഗത മോഡുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ദോഹ മെട്രോ, മെട്രോ ലിങ്ക് സേവനങ്ങള്‍, ലുസൈല്‍ ട്രാം, ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സര്‍വീസ്, പാര്‍ക്ക് & റൈഡ് സൗകര്യം തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുമായി സ്റ്റേഷന്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ആരാധകര്‍ക്ക് വലിയ പ്രയോജനം ലഭിക്കും.
‘രാജ്യത്തെ പൊതുഗതാഗത ശൃംഖല ടൂര്‍ണമെന്റിനെ സേവിക്കാന്‍ പൂര്‍ണ സജ്ജമാണ്. തുറമുഖങ്ങള്‍ക്ക് വലിയ ക്രൂയിസ് കപ്പലുകള്‍ ലഭിക്കും, ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിമാനത്താവളങ്ങളില്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്,’ മന്ത്രി പറഞ്ഞു.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അനുസൃതമായി ലോകകപ്പിന് ശേഷവും പൊതുഗതാഗത മേഖലയില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത് തുടരുമെന്ന് അല്‍ സുലൈത്തി കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി സൗഹൃദ മോഡിലേക്ക് പൊതുഗതാഗതം മാറും. 2030 ഓടെ പൊതു ഗതാഗതവും സ്‌കൂള്‍ ഗതാഗതവും പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.