ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഖത്തര്‍ യാത്രാനയം സംബന്ധിച്ച് പൂര്‍ണമായും മനസ്സിലാക്കണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ഖത്തറിലേക്കുള്ള യാത്രാ നയം സംബന്ധിച്ച വിശദാംശങ്ങള്‍ക്ക്
http://https//covid19.moph.gov.qa/en/travel and return policy /pages/default.aspx റഫര്‍ ചെയ്യണം .
ഖത്തറിലേക്ക് വരുന്ന എല്ലാ സന്ദര്‍ശകരും ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്ത് (www.ehteraz.gov.qa ) മുന്‍കൂര്‍ അനുമതി വാങ്ങണം. ചുരുങ്ങിയത് യാത്രയുടെ മൂന്ന് ദിവസം മുമ്പെങ്കിലും ഈ നടപടി പൂര്‍ത്തിയാക്കണം. മുന്‍കൂര്‍ അനുമതിയില്ലാതെ സന്ദര്‍ശകരേയോ വിസ ഓണ്‍ അറൈവലില്‍ വരുന്നവരേയോ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സമയാസമയങ്ങളിലുള്ള കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം.
6 വയസ്സും അതിനു മീതെയുള്ളവരും യാത്രയുടെ പരമാവധി 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 24 മണിക്കൂറിനുള്ളിലെടുത്ത റാപിഡ് ആന്റിജന്‍ ടെസ്റ്റ് റിസല്‍ട്ടോ ഹാജറാക്കണം.
ഖത്തറില്‍ താമസക്കാരായവര്‍ യാത്ര കഴിഞ്ഞെത്തി 24 മണിക്കൂറിനകം റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. 5 വയസ്സുവരെയുള്ള കുട്ടികളെ കോവിഡ് ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.
ഫിഫ ലോക കപ്പിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 1 മുതല്‍ ഡിസംബര്‍ 23 വരെ എല്ലാതരം വിസിറ്റ് വിസകളും നിര്‍ത്തിവെച്ച കാര്യം എംബസി ഓര്‍മിപ്പിച്ചു. ഹയ്യാ കാര്‍ഡുള്ളവര്‍ക്കും ഖത്തറില്‍ റസിഡന്റ് വിസയുള്ളവര്‍ക്കും മാത്രമേ ഈ സമയത്ത് പ്രവേശനമനുവദിക്കൂ.
ഓക്ടോബര്‍ 31 ന് മുമ്പ് ഖത്തര്‍ സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന എല്ലാ ഇന്ത്യക്കാരും യാത്രക്ക് മുമ്പ് തന്നെ ഇഹ്തിറാസില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി യാത്ര അനുമതി നേടണമെന്ന് എംബസി നിര്‍ദേശിച്ചു.