ആഴ്ചകള്‍ക്കുള്ളില്‍ ലോകം മുഴുവന്‍ ഖത്തറില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫയും ഖത്തറും എല്ലാ തലങ്ങളിലും അസാധാരണമായ ഒരു ടൂര്‍ണമെന്റിനാണ് പരിശ്രമിക്കുന്നതെന്നും ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവമാകുമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു. കായികലോകത്തെ സുപ്രധാനമായ ഫുട്‌ബോള്‍ മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നതിനായി ആഴ്ചകള്‍ക്കുള്ളില്‍ ലോകം മുഴുവന്‍ ഖത്തറിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദോഹയില്‍ നടന്ന വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്തിന്റെ സമാപന സമ്മേളനത്തില്‍ ‘പവര്‍ ഓഫ് സ്പോര്‍ട്സ് എന്ന വിഷയത്തെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തര്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിന്റെ ഏറ്റവും ഗംഭീരമായ പതിപ്പായിരിക്കുമെന്ന് ഇന്‍ഫാന്റിനോ ആവര്‍ത്തിച്ചു.
ഫിഫ 2022 ലോകകപ്പ് സംഘടിപ്പിക്കുന്നത് ഖത്തറില്‍ ചെലുത്തിയ വലിയ സ്വാധീനം അദ്ദേഹം എടുത്തുപറഞ്ഞു.
2019-ല്‍ ഖത്തര്‍ ദേശീയ ടീം ഏഷ്യന്‍ നേഷന്‍സ് കപ്പ് നേടിയതിന് ശേഷം ഫുട്‌ബോള്‍ രംഗത്തെ ഖത്തറിന്റെ മുന്നേറ്റം പ്രകടമാണെന്നും ഖത്തറി ഫുട്‌ബോള്‍ മികച്ച ഗുണപരമായ കുതിപ്പാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞഞു. ക്രമേണ ലോക കായിക വിനോദങ്ങളുടെ തലസ്ഥാനമായി ദോഹ മാറിയതായി ഇന്‍ഫാന്റിനോ പറഞ്ഞു.
കോവിഡ്-19 മഹാമാരി അവസാനിക്കാനിരിക്കെ സംഘടിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ലോകകപ്പിന്റെ ഏറ്റവും മികച്ച പതിപ്പ് അവതരിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടും ക്രിയാത്മകമായ പരിവര്‍ത്തനങ്ങളും നടപ്പിലാക്കിയതിന് ഖത്തറിലെ ബന്ധപ്പെട്ട എല്ലാവരോടും ഫിഫ പ്രസിഡന്റ് നന്ദി പറഞ്ഞു.