Archived ArticlesUncategorized

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യാനൊരുങ്ങി ഖത്തറില്‍ നിന്നും ഏഴ് മലയാളി ഗ്രന്ഥകാരന്മാര്‍

 

ദോഹ. നവംബര്‍ 2 മുതല്‍ 13 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യാനൊരുങ്ങി ഖത്തറില്‍ നിന്നും ഏഴ് മലയാളി ഗ്രന്ഥകാരന്മാര്‍

പുസ്തക സീരീസ് പ്രസിദ്ധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഗ്രന്ഥകാരിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ലൈബ അബ്ദുല്‍ ബാസിതിന്റെ ഓര്‍ഡര്‍ ഓഫ് ദ ഗാലക്‌സി നവംബര്‍ 4 വെളളിയാഴ്ച വൈകുന്നേരം 4.30 ന് റൈറ്റേര്‍സ് ഹാളില്‍ വെച്ച് പുനഃപ്രകാശനം ചെയ്യും. ലിപി ബുക്‌സാണ് പ്രസാധകര്‍.

 

ഡോ. താജ് ആലുവയുടെ ‘അസമത്വങ്ങളുടെ ആല്‍ഗരിതം നവംബര്‍ 7 ന് ഉച്ചക്ക് 2.30 ന് ഹാള്‍ നമ്പര്‍ 7 ല്‍ പ്രകാശനം ചെയ്യും. മലയാളത്തിന്റെ പ്രിയ കഥാകാരനും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണിയാണ് പ്രകാശനം നി4വഹിക്കുന്നത്. ടി എന്‍ പ്രതാപന്‍ എം പി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങും. പ്രസാധകരായ ഐ പി എച്ചിന്റെ ഡയരക്ടര്‍ ഡോ. കൂട്ടില്‍ മുഹമ്മദലി പങ്കെടുക്കും.

ഡാറ്റയാണ് രാജാവ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓഗ്മെന്റഡ് റിയാലിറ്റിയുമുപയോഗപ്പെടുത്തി സാങ്കേതിക വിദ്യ അനുദിനം മുന്നോട്ട് കുതിക്കുമ്പോള്‍ കിതച്ചു പോകുന്ന, ചൂഷണ വിധേയരാകുന്ന വലിയൊരു ജനവിഭാഗമുണ്ട്.
അവരെ കുറിച്ച വേവലാതിയും അവര്‍ക്ക് വേണ്ടിയുള്ള ജാഗ്രതയുമാണ് ഡോ: താജ് ആലുവയുടെ ‘അസമത്വങ്ങളുടെ ആല്‍ഗരിതം’ എന്ന പുസ്തകം പങ്ക് വെക്കുന്നത്.

മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.താജ് ആലുവയുടെ രണ്ടാമത് പുസ്തകമാണിത്.
ആദ്യ ഗ്രന്ഥമായ ഫലപ്രദമായ ജീവിതം ഇതിനകം 4 പതിപ്പുകള്‍ പിന്നിട്ട് കഴിഞ്ഞു.

അല്‍ ജസീറ മീഡിയ ശൃംഖലയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ വദ്ദാഹ് ഖന്‍ഫര്‍ രചിച്ച് ഹുസൈന്‍ കടന്നമണ്ണ മലയാളമൊഴിമാറ്റം നിര്‍വഹിച്ച റബീഉല്‍ അവ്വല്‍ ആണ് പ്രകാശനം ചെയ്യുന്ന മറ്റൊരു കൃതി. നവംമ്പര്‍ 9 ന് ബുധനാഴ്ച 2 മണിക്ക് പ്രകാശനം. ഐ പി എച്ച് ആണ് പുസ്തകം മലയാള വായനാക്കാര്‍ക്ക് എത്തിക്കുന്നത്.

10 വിവര്‍ത്തന കൃതികളും 5 സ്വതന്ത്ര കൃതികളുമുള്ള ഹുസൈന്‍ കടന്നമണ്ണ ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം ജനറല്‍ സെക്രട്ടറിയാണ് .

 

ഡോ. ഹന്ന മൊയ്തീന്റെ കന്നി പുസ്തകമായ എന്റെ അസ്തമയ ചുവപ്പുകള്‍ നവംബര്‍ 8 ചൊവ്വാഴ്ച 2 മണിക്ക് പ്രകാശനം ചെയ്യും.

മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളുടെ ആറാം ഭാഗമാണ് പ്രകാശനം ചെയ്യുന്ന മറ്റൊരു കൃതി. നവംബര്‍ 10 ന് രാത്രി 8.30 നാണ് പ്രകാശനം. അമാനുല്ല വടക്കാങ്ങരയുടെ എണ്‍പത്തി രണ്ടാമത് പുസ്തകമാണിത്.

ബന്ന ചേന്ദമംഗല്ലൂര്‍ എഡിറ്റ് ചെയ്ത കഥാശ്വാസം രണ്ടാം ഭാഗവും അതേ ദിവസം അതേ വേദിയില്‍ പ്രകാശനം ചെയ്യും.

വിജയമന്ത്രങ്ങളെ ജനകീയമാക്കിയത് ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ ലോകമലയാളികള്‍ ഏറ്റെടുത്ത പോഡ്കാസ്റ്റാണ്.

ബന്നയുടെ കഥാശ്വാസത്തിന്റെ ഭാഗമായി വന്ന ജയമോഹന്റെ നൂറ് സിംഹാനങ്ങളും ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യുന്നുണ്ട്.

 

 

സലീം നാലകത്തിന്റെ പുതിയ കഥാസമാഹാരമായ സുഗന്ധക്കുപ്പികള്‍ ആണ് പ്രകാശനം ചെയ്യുന്ന മറ്റൊരു കൃതി. ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്‌കത്തിന്റെ അവതാരിക പി. കെ പാറക്കടവിന്റേതാണ് .

നവംബര്‍ 13 ഞായറാഴ്ച 6 മണിക്കാണ് പ്രകാശനം. സലീം നാലകത്തിന്റെ മൂന്നാമത് കൃതിയാണിത്.

ഫോട്ടോ.

 

 

 

Related Articles

Back to top button
error: Content is protected !!