ഖത്തറില്‍ നവംബര്‍ ഒന്നുമുതല്‍ വാണിജ്യ സ്ഥാപനങ്ങളില്‍ ഇഹ് തിറാസ് വേണ്ട
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നവംബര്‍ 1 ചൊവ്വാഴ്ച മുതല്‍ വാണിജ്യ സ്ഥാപനങ്ങളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ നിര്‍ജ്ജീവമാക്കുകയും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്യുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
കോവിഡ് 19ന്റെ വ്യാപനം തടയുവാനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനുമായി ഖത്തര്‍ സ്വീകരിച്ച മുന്‍ തീരുമാനങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കുന്നതിനുള്ള സംഭവവികാസങ്ങള്‍ക്ക് അനുസൃതമായാണ് തീരുമാനമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇന്നലെ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറഞ്ഞു.
വാണിജ്യ സമുച്ചയങ്ങള്‍, ജിംനേഷ്യങ്ങള്‍, കായികമേളകള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, ഇവന്റുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണുകള്‍, വിവാഹങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ പാര്‍ക്കുകള്‍, തിയേറ്ററുകള്‍, സിനിമാശാലകള്‍ തുടങ്ങിയ പൊതു-സ്വകാര്യ സ്ഥലങ്ങള്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ നിര്‍ജ്ജീവമാക്കാനുള്ള തീരുമാനത്തില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം സൂചിപ്പിച്ചു.