ലോകകപ്പ് സ്മാരക നോട്ടിന് 75 റിയാല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ലോകകപ്പിന്റെ സ്മരണക്കായി ഫിഫയുടെ സഹകരണത്തോടെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ 22 റിയാല്‍ നോട്ട് 75 റിയാലിന് ബാങ്കുകളില്‍ നിന്നും എക്‌സ്‌ചേഞ്ച് ഹൌസുകളില്‍ നിന്നും വാങ്ങാവുന്നതാണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. എന്നാല്‍ വിനിമയങ്ങളില്‍ നോട്ടിന്റെ മൂല്യം 22 റിയാല്‍ ആയിരിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് വിശദീകരിച്ചു.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ ഥാനിയും ഫിഫ പ്രസിഡന്റ് ജിയാനോ ഇന്‍ഫന്റിനോയും ചേര്‍ന്നാണ് ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന 22 റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കിയത്.
ഒരു പക്ഷേ ലോക ചരിത്രത്തില്‍ തന്നെ ആദ്യമാകും ഒരു രാജ്യം 22 ന്റെ നോട്ട് പുറത്തിറക്കുന്നത്.
2022 ലോക ചരിത്രത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ ഖത്തര്‍ ലോകകപ്പിന്റെ ഓര്‍മക്കായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന സംഭാവനയാണ് 22 റിയാല്‍ നോട്ടെന്നും ഈ അഭിമാന നിമിഷത്തില്‍ എല്ലാവരുടെയും ഐക്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ 22 റിയാല്‍ നോട്ട് സാങ്കേതികമായ പല സവിശേഷതകളുമുള്ളതാണ് . ആകര്‍ഷണീയമായ ഡിസൈനും ഉയര്‍ന്ന ക്വാളിറ്റിയിലുള്ള മെറ്റീരിയല്‍സും ഉപയോഗിച്ച ബാങ്ക് നോട്ടുകള്‍ ആദ്യമായി പോളിമര്‍ ഉപയോഗിച്ച നോട്ടുകളാണ് .
ഇന്നു മുതല്‍ തന്നെ ബാങ്കുകളില്‍ നിന്നും എക്‌സ്‌ചേഞ്ച് ഹൌസുകളില്‍ നിന്നും ഈ സ്മാരക നോട്ടുകള്‍ സ്വന്തമാക്കാനാകും.