
എയര്‍ ഇന്ത്യാ റീഫണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ടിക്കറ്റെടുത്തവരേയും പരിഗണിക്കണം, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് കാലത്ത് വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് റീഫണ്ട് നല്‍കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ടിക്കറ്റെടുത്തവരേയും പരിഗണിക്കണണെന്ന് പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനും ലോകകേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു.
അമേരിക്കയില്‍ നിന്ന് ടിക്കറ്റെടുത്തവര്‍ക്ക് 121.50 മില്യണ്‍ ഡോളര്‍ (988.25)കോടി രൂപ നല്‍കാനും കാലതാമസം വരുത്തിയതിന് 1.40 മില്യണ്‍ ഡോളര്‍ പിഴയടക്കാനും യു.എസ് ഗതാഗത വകുപ്പിന്റെ വിധിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
യു.എസ് ഗതാഗത വകുപ്പ് നിയമമനുസരിച്ച്, വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് റീഫണ്ടിന് അവകാശമുണ്ട്. എന്നാല്‍ അപേക്ഷ നല്‍കിയവര്‍ക്ക് മാത്രമാണ് റീഫണ്ട് നല്‍കിയതെന്നും റീ ഫണ്ടിന് പകരം വൗച്ചറുകള്‍ നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
എന്നാല്‍, എയര്‍ ഇന്ത്യയുടെ ബേസ് ആയ ഇന്ത്യയില്‍ നിന്നും ഗള്‍ഫ് അടക്കമുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും ഇതേ കാലയളവില്‍ ടിക്കറ്റെടുത്തവര്‍ക്ക് വന്‍ തുക ലഭിക്കാനുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്തെ, വളരെ ചുരുങ്ങിയ കാലയളവില്‍ മാത്രമാണ് റീഫണ്ട് കോടതി വിധി പ്രകാരം അനുവദിച്ചത്. ബാക്കിയുള്ള കാലയളവിലേക്ക് വൗച്ചറുകള്‍ നല്‍കുകയും മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുകയാണുണ്ടായത്. പിന്നീട് യാത്ര ചെയ്യാന്‍ വിസയുടെയും മറ്റു പ്രയാസങ്ങളാലും യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് എത്രയോ പണമാണ് നഷ്ടമായത്. നേരത്തെ കോടതി വിധിപ്രകാരം അനുവദിക്കപ്പെട്ട റീഫണ്ട് തുക പോലും കൃത്യമായി വിതരണം ചെയ്യാന്‍ എയര്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിന് ഉപയുക്തമായ നിയമ സംവിധാനങ്ങളുടെ അപര്യാപ്തയാണ് നമ്മുടെ രാജ്യത്തുള്ളതെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇനിയും റീഫണ്ട് ലഭിക്കാത്തവരുടെ കാര്യത്തില്‍ അടിയന്തിര നടപടികള്‍ കൈകൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.