കന്നിയങ്കത്തില്‍ കാലിടറി അല്‍ അന്നാബി
റഷാദ് മുബാറക്
ദോഹ. കന്നിയങ്കത്തില്‍ കാലിടറി അല്‍ അന്നാബി. ഫിഫ 2022 ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ സ്വന്തം മണ്ണില്‍ നിറഞ്ഞ ഗ്രൗണ്ട് സ്‌പ്പോര്‍ട്ടുണ്ടായിട്ടും ഇക്വഡോറിന്റെ വലകുലുക്കാനാവാതെ ഫിഫയുടെ ചരിത്രത്തില്‍ ഉദ്ഘാടന മല്‍സരത്തില്‍ പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യമായി ഖത്തര്‍ മാറി.
അറുപതിനായിരം ശേഷിയുള്ള അല്‍ ബെയ്ത്ത് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ആരാധക സംഘം ആര്‍ത്തുവിളിച്ചിട്ടും ഇക്വഡോറിന്റെ പടക്കുതിരകളെ പിടിച്ചുകെട്ടാനാവാതെ അല്‍ അന്നാബി വിയര്‍ത്തു. ഫിഫയുടെ കണക്കനുസരിച്ച് 67372 പേരാണ് ഇന്നലെ സ്റ്റേഡിയത്തില്‍ കളികാണാനെത്തിയത്.
ലോകകപ്പ് അരങ്ങേറ്റത്തില്‍ ഖത്തറിന് വിജയത്തുടക്കം നിഷേധിച്ച ഇക്വഡോറിന്റെ മുന്നേറ്റമാണ് കളിയിലുടനീളം കണ്ടത്. കളിയുടെ ഒമ്പതാം മിനിറ്റിലും മുപ്പത്തിയൊന്നാം മിനിറ്റിലും ഇക്വഡോര്‍ ക്യാപ്ടന്‍ എന്നര്‍ വലന്‍സിയ നേടിയ ഗോളുകളില്‍ സാഞ്ചസിന്റെ ചുണക്കുട്ടികള്‍ പകച്ചുപോയതു പോലെ. ഒരെണ്ണം പോലും തിരിച്ചുകൊടുക്കാനാവാതെ ഇക്വഡോറിന്റെ മുന്നേറ്റത്തില്‍ പ്രതിരോധം തീര്‍ക്കുന്ന അല്‍ അന്നാബി രണ്ടാം പകുതിയില്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിക്കാനായില്ല. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയം ഏറ്റുവാങ്ങിയ അല്‍ അന്നാബിക്ക് അടുത്ത മല്‍സരങ്ങള്‍ കൂടുതല്‍ കടുത്തതാകും.