ആഗോള വ്യോമയാന ഭൂപടത്തില്‍ അഭിമാനകരമായ സ്ഥാനം സ്വന്തമാക്കി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ആഗോള വ്യോമയാന ഭൂപടത്തില്‍ അഭിമാനകരമായ സ്ഥാനം സ്വന്തമാക്കി ഖത്തര്‍. നൂതന സാങ്കേതിക വിദ്യയും സൗകര്യങ്ങളും പ്രയോജനപ്പെടുത്തി ഏറ്റവും കൂടുതല്‍ വിമാനസര്‍വീസുകള്‍ കുറ്റമറ്റ രീതിയില്‍ നടത്തിയാണ് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് ശ്രദ്ധേയമായ സ്ഥാനം നേടിയത്.
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആവശ്യകതകള്‍ക്കായി പൂര്‍ണ്ണമായും തയ്യാറെടുക്കുന്നതില്‍ സിവില്‍ ഏവിയേഷന്‍ മേഖലയുടെ വിജയം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ (സിഎഎ) മാനേജിംഗ് ചുമതലയുള്ള മുഹമ്മദ് ഫാലേഹ് അല്‍ ഹജ്രി സ്ഥിരീകരിച്ചു. ലോകത്തിലെ സിവില്‍ ഏവിയേഷന്‍ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര ഫോറങ്ങളിലും അതിന്റെ സാന്നിധ്യത്തിലൂടെ വ്യോമയാന ലോകത്ത് അഭിമാനകരമായ സ്ഥാനം ഖത്തര്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ഖത്തര്‍ വ്യോമമേഖലയുടെ സുപ്രധാനവും സമഗ്രവുമായ വികസന പദ്ധതികള്‍ നടപ്പാക്കിയതായി അല്‍ ഹജ്രി പ്രാദേശിക അറബി ദിനപത്രത്തിന് നല്‍കിയ അഭിമുത്തില്‍ പറഞ്ഞു. വിമാനങ്ങള്‍ പുറപ്പെടല്‍, എത്തിച്ചേരല്‍, റൂട്ടുകളിലെ വര്‍ദ്ധനവ്, എല്ലാ എയര്‍ നാവിഗേഷന്‍ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും നവീകരണം, ജോലി ചെയ്യുന്ന കേഡറുകളുടെ തീവ്രമായ പരിശീലനം എന്നിവയിലൊക്കെ വലിയ പുരോഗതിയാണ് രാജ്യം കൈവരിച്ചത്.
ലോകകപ്പ് കാലയളവിലെ ഏറ്റവും മികച്ച എയര്‍ നാവിഗേഷന്‍ സേവനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും, ഈ പരിപാടിയില്‍ എല്ലാ വിമാനങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിമാന സഞ്ചാരത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും അല്‍ ഹജ്രി അടിവരയിട്ടു. ടൂര്‍ണമെന്റിന്റെ ആദ്യ ആഴ്ചയില്‍ 6,000-ലധികം വിമാനങ്ങളാണ് ദോഹയിലെത്തിയത്.
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുള്ള ലോകകപ്പ് സ്റ്റേഡിയങ്ങളിലെ എട്ട് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 46 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ വഴി ആരാധകര്‍ക്കും ബന്ധപ്പെട്ട കക്ഷികള്‍ക്കും കാലാവസ്ഥയും കാലാവസ്ഥാ ഡാറ്റയും നല്‍കുന്ന കാര്യം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാനേജിംഗ് ചുമതലയുള്ള മുഹമ്മദ് ഫലേഹ് അല്‍ ഹജ്രി ചൂണ്ടിക്കാട്ടി.