വളണ്ടിയര്‍മാരെ അനുമോദിച്ച് ഫിഫയും സുപ്രീം കമ്മറ്റിയും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ലോകകപ്പ് അവിസ്മരണീയമാക്കിയതിന് വളണ്ടിയര്‍മാരെ അനുമോദിച്ചും അവര്‍ക്ക് നന്ദി പറഞ്ഞും ഫിഫയും സുപ്രീം കമ്മറ്റിയും. ഇന്നലെ അല്‍ ബിദ പാര്‍ക്കിലെ ഫാന്‍ സോണില്‍ തന്നെ പ്രത്യേക ചടങ്ങില്‍ ഖത്തര്‍ ലോകകപ്പിന്റെ ഓരോ ഘട്ടങ്ങളും സവിശേഷമാക്കിയ വളണ്ടിയര്‍മാരെ സംഘാടകര്‍ അനുമോദിച്ചു.
ചടങ്ങില്‍ സംസാരിച്ച ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വളണ്ടിയര്‍മാര്‍ക്ക് നന്ദി പറഞ്ഞു, അവരെ ടൂര്‍ണമെന്റിന്റെ ‘ഹൃദയവും ആത്മാവും’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ”നിങ്ങള്‍ എക്കാലത്തെയും മികച്ച ലോകകപ്പ് വളണ്ടിയര്‍മാരാണ്, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്, ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരില്‍ നിന്നും, നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ അതിശയകരമായ പ്രകടനമാണ് കാഴ്ചവെച്ചത്, ഫിഫ പ്രസിഡന്റ് പറഞ്ഞു.
പ്രധാനമായും തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വൈവിധ്യമാര്‍ന്ന, വൈദഗ്ധ്യമുള്ള, ബഹുഭാഷാ പ്രചോദിതരായ 20,000 സന്നദ്ധപ്രവര്‍ത്തകര്‍ ഫിഫ ലോകകപ്പ് നല്‍കാനും ഖത്തറിന്റെ യഥാര്‍ത്ഥ മനോഭാവം പ്രകടിപ്പിക്കാനും സഹായിച്ചിട്ടുണ്ട്.
ഫിഫ ലോകകപ്പ് വളണ്ടിയര്‍മാരാകാന്‍ 400,000 പേരാണ് അപേക്ഷിച്ചത്. അതില്‍ നിന്നും 20,000 പേര് മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം ഓര്‍ത്തു.
”അഭിനന്ദനങ്ങള്‍,” അദ്ദേഹം പറഞ്ഞു. ”നിങ്ങള്‍ ലോകകപ്പിന്റെ ഹൃദയവും ആത്മാവുമാണ്, ഏറ്റവും പ്രധാനമായി, നിങ്ങള്‍ ലോകകപ്പിന്റെ മുഖവും പുഞ്ചിരിയുമാണ്. ഈ അത്ഭുതകരമായ ലോകകപ്പിന് ആളുകള്‍ വരുമ്പോള്‍ ആദ്യം കാണുന്ന വ്യക്തിയും അവര്‍ പോകുമ്പോള്‍ അവസാനമായി കാണുന്ന വ്യക്തിയും നിങ്ങളാണ്. നിങ്ങളുടെ പുഞ്ചിരി ഈ ലോകകപ്പിനെ അവിസ്മരണീയമാക്കി മാറ്റുന്നു, അത് എക്കാലത്തെയും മികച്ചതാണ്.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാദിയും ചടങ്ങില്‍ സംസാരിച്ചു. സ്വയം സമര്‍പ്പിതമായ സേവനങ്ങളിലൂടെ വളണ്ടിയര്‍മാര്‍ ചരിത്രം സൃഷ്ടിച്ചുവെന്നും ജനങ്ങളുടെ മനസ്സില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റേയും ഊഷ്മളമായ വികാരങ്ങളാണ് സൃഷ്ടിച്ചതെന്നും അല്‍ തവാദി പറഞ്ഞു.
ഏറ്റവുമധികം മലയാളി വളണ്ടിയര്‍മാര്‍ സേവനമനുഷ്ടിച്ച ലോകകപ്പാണ് ഫിഫ 2022. ആയിരത്തിലധികം മല്ലു വളണ്ടിയര്‍മാരാണ് ഖത്തര്‍ ലോകകപ്പിന്റെ വിവിധ മേഖലകളില്‍ തങ്ങളുടെ കയ്യൊപ്പുചാര്ത്തിയത്.