ഫൈസല്‍ അബൂബക്കറിന്റെ ‘ലോകകപ്പില്‍ പകര്‍ന്ന 22 കാവക്കവിതകള്‍’ പുറത്തിറക്കി
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രവാസി കവി ഫൈസല്‍ അബൂബക്കര്‍ രചിച്ച് തനിമ ഖത്തര്‍ പ്രസിദ്ധീകരിച്ച ‘ലോകകപ്പില്‍ പകര്‍ന്ന 22 കാവക്കവിതകള്‍’ എന്ന ഇ-ബുക്ക് കവിതാ സമാഹാരം അല്‍ അറബ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.
സി.ഐ.സി പ്രസിഡണ്ട് ടി.കെ കാസിം പ്രകാശന കര്‍മം നിര്‍വഹിച്ചു. കവി ഫൈസല്‍ അബൂബക്കര്‍ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. സി.ഐ.സി ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, തനിമ ഖത്തര്‍ ഭാരവാഹികളായ ആര്‍.എസ് അബ്ദുല്‍ ജലീല്‍ , അഹ്മദ് ഷാഫി, ഡോ. സല്‍മാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
‘മുത്താല്‍ തീര്‍ത്ത ഖത്തര്‍ ഫുട്ബോളിസം’ എന്ന പേരില്‍, ലോകകപ്പിലൂടെ ഖത്തര്‍ തീര്‍ത്ത വിശ്വവിസ്മയത്തിന്റെ സന്തോഷവും, പ്രതിസന്ധികളെ ആത്മവിശ്വാസത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും തുഴകളെറിഞ്ഞ് അതിജീവിച്ച് വിശ്വ ഫുട്‌ബോള്‍ എന്ന കടല്‍ നീന്തിക്കയറി വിജയിച്ച ഖത്തറിനോടുള്ള സ്‌നേഹവും കടപ്പാടും പ്രതിഫലിപ്പിക്കുന്നതും ഫുട്ബോളിലൂടെ ലോകം അനുഭവിച്ച ഐക്യവും ഒരുമയും വിളിച്ചോതുന്നതുമാണ് കവിതകളുടെ ഉള്ളടക്കം.
മാധ്യമം സീനിയര്‍ സ്‌പോര്‍ട്‌സ് ലേഖകന്‍ എന്‍.എസ് നിസാര്‍, പ്രവാസി എഴുത്തുകാരന്‍ സുഹാസ് പാറക്കണ്ടി എന്നിവരുടെ അവതാരികകള്‍, ഷിജിത്ത് മേനോന്റെ ചിത്രീകരണവും കവര്‍ ഡിസൈനും റഫീഖ് കെ.പിയുടെ ലേ-ഔട്ടും ഈ ഇ ബുക്കിനെ സവിശേഷമാക്കുന്നു .