
ലോകകപ്പ് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുകയോ ഹരിത ഊര്‍ജമാക്കി മാറ്റുകയോ ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വേദികളില്‍ നിന്നും ശേഖരിച്ച എല്ലാ മാലിന്യങ്ങളും ഒന്നുകില്‍ റീസൈക്കിള്‍ ചെയ്യുകയോ ഹരിത ഊര്‍ജമാക്കി മാറ്റുകയോ ചെയ്തതായി അധികൃതര്‍ അറിയിച്ചു. ലോകകപ്പ് വേദികളില്‍ നിന്നും ശേഖരിച്ച മൊത്തം മാലിന്യത്തിന്റെ 28 ശതമാനവും ഗ്രീന്‍ എനര്‍ജിയാക്കി മാറ്റുകയും 558,340 കിലോവാട്‌സ് ഊര്‍ജം ഉത്പാദിപ്പിക്കുകയും ചെയ്തു.
ബാക്കിയുള്ള 72 ശതമാനം മാലിന്യങ്ങളും പുനരുപയോഗം ചെയ്ത് 797 ടണ്‍ രാസവളങ്ങളും 202 ടണ്‍ പ്ലാസ്റ്റിക്കും 65 ടണ്‍ പേപ്പറുകളും കാര്‍ഡ്‌ബോര്‍ഡുകളും 60 ടണ്‍ ലോഹങ്ങളും നാല് ടണ്‍ ഗ്ലാസുകളും ഉല്‍പ്പാദിപ്പിച്ചു.
2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടന്ന ടൂര്‍ണമെന്റില്‍ ആകെ 2,173 ടണ്‍ മാലിന്യങ്ങളാണ് സ്റ്റേഡിയങ്ങളില്‍ നിന്ന് ശേഖരിച്ചത്.
പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക് തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിനായി 1,129 ടണ്‍ അടിസ്ഥാന അസംസ്‌കൃത വസ്തുക്കളുമായി ടൂര്‍ണമെന്റ് പ്രാദേശിക റീസൈക്ലിംഗ് ഫാക്ടറികള്‍ക്ക് നല്‍കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ വേസ്റ്റ് റീസൈക്ലിംഗ് ആന്‍ഡ് ട്രീറ്റ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഹമദ് ജാസിം അല്‍ ബഹര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മാലിന്യത്തിന്റെ റീസൈക്ലിംഗ് നിരക്ക് 72 ശതമാനമാണെന്നും ബാക്കി 28 ശതമാനം ശുദ്ധമായ ഊര്‍ജമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ”ഫിഫ ലോകകപ്പുകളുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്.
1,627 ട്രക്കുകളുടെയും ശുചീകരണ ഉപകരണങ്ങളുടെയും പിന്തുണയോടെ 12,230 തൊഴിലാളികളും സൂപ്പര്‍വൈസര്‍മാരും മാലിന്യം ശേഖരിക്കുന്നതിലും നീക്കംചെയ്യുന്നതിലും പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു.