ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ ഖത്തറിലെത്തുകയും വാഹനങ്ങളോടിക്കുകയും ചെയ്ത നവംബര്‍ മാസം ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ 42 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (പിഎസ്എ) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2021 നവംബറില്‍ 199504 ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2022 നവംബറില്‍ അത് 118117 ആയി കുറഞ്ഞു.
ഗതാഗത നിയമലംഘനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത് അമിത വേഗത്തിന്റെ നിയമലംഘനങ്ങളുടെ വിഭാഗത്തിലാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ താരതമ്യപ്പെടുത്തുമ്പോള്‍ 2021 നവംബറില്‍ 140,165 വേഗപരിധി ലംഘന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇത് 2022 ലെ അതേ മാസത്തില്‍ 54.5 ശതമാനം കുറഞ്ഞ് 63,779 ആയി.
അതേസമയം, പ്രതിമാസ അടിസ്ഥാനത്തില്‍ ലംഘനങ്ങള്‍ 2022 ഒക്ടോബറില്‍ 123,018 ആയിരുന്നു, ഇത് 48.2 ശതമാനം കുറഞ്ഞു.
ട്രാഫിക് സിഗ്നലുകളുടെ ലംഘനങ്ങള്‍ 2022 നവംബറില്‍ 3,266 ആയിരുന്നു, 2021 നവംബറിനെ അപേക്ഷിച്ച് 46.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.
നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങളുടെ എണ്ണം കൂടിയിട്ടും മൊത്തം നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്നത് ട്രാഫിക് ബോധവല്‍ക്കരണത്തിന്റേയും നിയമ വ്യവസ്ഥയുടേയും കാര്യക്ഷമമായ നിര്‍വഹണമാണ് സൂചിപ്പിക്കുന്നത്.
2022 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം ട്രാഫിക് ലംഘനങ്ങളില്‍, ഏറ്റവും കൂടുതല്‍ വേഗപരിധി ലംഘനം (റഡാര്‍) തന്നെയാണ് . മൊത്തം 64 ശതമാനവും സ്പീഡ് ലിമിറ്റ് ലംഘനവുമായി ബന്ധപ്പെട്ടതാണ് . സ്റ്റാന്‍ഡ് ആന്‍ഡ് വെയ്റ്റ് നിയമങ്ങളും ബാധ്യതകളും ലംഘിച്ചത് 20 ശതമാനവും മറ്റ് വിഭാഗത്തില്‍ 16 ശതമാനവുമാണ്.
ഖത്തറിലെ ഗതാഗത നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ പുതിയ ട്രാഫിക് റഡാറുകള്‍ സ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അമിതവേഗതയില്‍ വാഹനമോടിക്കുന്നവരെയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും നിരീക്ഷിക്കാന്‍ റഡാറുകള്‍ക്ക് കഴിവുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത വാഹനമോടിക്കുന്നവരേയും ഇവര്‍ കണ്ടെത്തും.